വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോളാര്‍ റൂഫ് ടോപ്പ് പദ്ധതി; വയനാട്ടില്‍ പ്രതിവര്‍ഷം 30 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മൂന്നു വര്‍ഷത്തിനിടെ ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളില്‍നിന്നു ഉത്പാദിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ആരംഭിച്ച സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതിയില്‍ വയനാട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നത് പ്രതിവര്‍ഷം 30 മെഗാവാട്ട് ഉല്പാദനം. സംസ്ഥാനത്തൊട്ടാകെ 500 മെഗാവാട്ട് ഉല്പാദനമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിതുവരെയായി റൂഫ് ടോപ്പ് സൗരാര്‍ജ പദ്ധതിയില്‍ 20,000 പേര്‍ രജിസ്ട്രേഷന്‍ ചെയ്തുകഴിഞ്ഞു.

ബോര്‍ഡിന്റെ www.kseb.in എന്ന വെബ് സൈറ്റില്‍ സൗരവിഭാഗത്തില്‍ ജനുവരി 30 വരെ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. പദ്ധതി പ്രകാരം പ്രതിവര്‍ഷം ഗാര്‍ഹിക-കാര്‍ഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളില്‍നിന്നു 150-ഉം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്നു 100-ഉം ഗാര്‍ഹികേതര-സര്‍ക്കാര്‍ ഇതര സ്ഥാപന കെട്ടിടങ്ങളില്‍നിന്നു 250-ഉം മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സാധ്യതാപഠനവും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കലും 2019 ഏപ്രിലിലോടെ പൂര്‍ത്തിയാക്കിയ ശേഷം സൗരനിലയങ്ങള്‍ വരുന്ന ജൂണില്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

solar-energy

നൂറു ചതുരശ്ര അടിയിലുള്ള സോളാര്‍നിലയം സ്ഥാപിക്കുന്നതിന് ശരാശരി 45,000 രൂപയാണ് ചെലവ്. രണ്ടായിരം ചതുരശ്ര അടിയിലാകുമ്പോള്‍ ഇത് ഒമ്പതു ലക്ഷം രൂപയാകും. സോളാര്‍ വൈദ്യുതി ഉത്പാദനത്തിനു ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു മാത്രം ഒരു കിലോവാട്ടിനു 17,000 രൂപ കേന്ദ്ര സബ്സിഡി ലഭിക്കും. തിരുവനന്തപുരത്തെ റെന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിംഗ്സിനാണ് പദ്ധതി ഏകോപനച്ചുമതല. കെട്ടിടങ്ങള്‍ക്കു മുകളില്‍ കെ.എസ്.ഇ.ബിയുടെ ചെലവില്‍ നിലയം സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 10 ശതമാനം ഉപഭോക്താവിനുള്ളതാണ്. ഇതില്‍ ഉപഭോക്താവിന്റെ ഉപയോഗം കഴിച്ച് ബാക്കിയുള്ളതിനു ബോര്‍ഡ് വില നല്‍കും.

ബോര്‍ഡ് പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്കു നല്‍കുന്ന അതേവിലയാണ് ഉപഭോക്താവിനും ലഭ്യമാക്കുക. ഉപഭോക്താവ് സ്വന്തം നിലയില്‍ സ്ഥാപിക്കുന്ന നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ഉപയോഗം കഴിച്ചുള്ളത് ബോര്‍ഡ് വിലയ്ക്കുവാങ്ങും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും ഉപയോഗിക്കാനും ഉപഭോക്താവിനു അവകാശം ഉണ്ടായിരിക്കും. സൗരനിലയങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ബോര്‍ഡിന്റെ ഉത്തരവാദിത്തമായിരിക്കും. നൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൗരനിലയത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദനമാണ കണക്കാക്കുന്നത്. ഗാര്‍ഹിക-കാര്‍ഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളില്‍നിന്നു മാത്രം 10 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്ററും കല്‍പ്പറ്റ സര്‍ക്കിള്‍ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിലെ എക്സിക്യുട്ടീവ് എന്‍ജിനീയറുമായ വി.കെ. സുനില്‍കുമാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററും സബ് എന്‍ജിനീയരുമായ എം.ജെ. ചന്ദ്രദാസ് എന്നിവര്‍ അറിയിച്ചു.

Wayanad
English summary
Solar roof project in wayanad produce 30 MW electricity per year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X