ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു: സഹയാത്രികന് ആശുപത്രിയിൽ
മാനന്തവാടി: മാനന്തവാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. മാനന്തവാടി ദ്വാരക ലിറ്റില്‍ ഫ്ളവര്‍ ഐടിസി വിദ്യാര്‍ത്ഥിയായ പുല്‍പ്പള്ളി മാരപ്പന്മൂല അധികാരത്ത് ടോമിയുടെ മകന് അലോയ്സ് ടി ജോസ് (21) ആണ് മരിച്ചത്. അലോയ്സിനോടൊപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയായ കാവുമന്ദം എച്ച്എസ് ചക്കാലക്കുന്നേല്‍ സണ്ണിയുടെ മകന് അനൂപി(20)നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റ അനൂപിനെ ആദ്യം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അലോയ്സിന്റെ മാതാപിതാക്കള്‍ ഇസ്രയേലിലാണുള്ളത്. മീനങ്ങാടിയിലെ മാതാവിന്റെ വീട്ടില്‍ നിന്നാണ് അലോയ്സ് പഠിച്ചിരുന്നത്. രാവിലെ സഹപാഠിയായ അനൂപിനൊപ്പം ദ്വാരക ലിറ്റില്‍ ഫ്ളവര്‍ ഐ ടി ഐയിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.