വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: വയനാട്ടില്‍ വടകര തണലിന്റെ സാന്ത്വനം വീണ്ടും, 16 വീടുകള്‍ 25ന് കൈമാറും

  • By Desk
Google Oneindia Malayalam News

പനമരം: പ്രളയബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി തണല്‍ വടകര പനമരം ഗ്രാമപഞ്ചായത്തില്‍ സ്ഥലം വാങ്ങി നിര്‍മ്മിച്ച 16 വീടുകളുടെ സമര്‍പ്പണം നവംബര്‍ 25ന് ഞായറാഴ്ച നടക്കും. പ്രളയബാധിത ജില്ലകളായ കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ തുടക്കം മുതല്‍ തന്നെ തണല്‍ ഇടപ്പെട്ടിരുന്നു. താല്‍ക്കാലിക ഷെല്‍ട്ടറുകളും, വീട്ടുപകരണങ്ങളും, ഭക്ഷണവും ആദ്യഘട്ടത്തില്‍ എത്തിക്കുകയും, വീടുകളും കുടിവെള്ള സ്രോതസ്സുകളും വൃത്തിയാക്കുകയും ചെയ്തു.

നൂറോളം വീടുകള്‍ റിപ്പയര്‍ ചെയ്തു. ക്യാംപുകളില്‍ തിരിച്ചെത്തിയവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി. രണ്ടാംഘട്ടമെന്ന നിലയിലാണ് സ്ഥിരതാമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് പനമരം ഗ്രാമപഞ്ചായത്തിലെ പാലുകുന്നില്‍ 16 വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കര്‍ണാടകയിലെ കുടക് ജില്ലയില്‍ 100, വയനാട് ജില്ലയില്‍ 80, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി 90 വീടുകളും ഉള്‍പ്പെടെ 270 വീടുകളാണ് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഒരു വീട് നേരത്തെ പൂര്‍ത്തിയായി കൈമാറിയിരുന്നു. ഞായറാഴ്ചയാണ് 16 വീടുകള്‍ കൈമാറുന്നത്.

houses-154297614

ഇനിയുള്ള മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ നാല്, തിരുനെല്ലി തോല്‍പ്പെട്ടിയിലെ 10 വീടുകള്‍ ഉടയന്‍ പൂര്‍ത്തിയാക്കി കൈമാറും. ഇതോടൊപ്പം ഇടുക്കിയില്‍ 15, തൃശ്ശൂരില്‍ നാല് എന്നിങ്ങനെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 53 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അതിവേഗത്തില്‍ നിര്‍മ്മാണപ്രവൃത്തി പൂര്‍ത്തിയാക്കി 45 ദിവസം കൊണ്ടാണ് പനമരത്ത് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രദേശങ്ങള്‍ക്കും കാലാവസ്ഥകള്‍ക്കും അനുയോജ്യമായ രീതിയില്‍ വീടുകളുടെ നിര്‍മ്മാണരീതികളും ഡിസൈനും രൂപപ്പെടുത്തി. വെള്ളപ്പൊക്ക കെടുതികളുടെ നാശനഷ്ടങ്ങള്‍ കുറക്കുന്ന രീതിയില്‍ ഫ്രീഫാബ് വീടുകളാണ് പനമരത്തും, പൊഴുതനയിലും നിര്‍മ്മിച്ചത്. ഫില്ലറുകളില്‍ തീര്‍ത്ത തറനിരപ്പില്‍ ജി ഐ പൈപ്പുകള്‍ വിപാനല്‍ ചുമരുകള്‍ നിര്‍മ്മിച്ച് വി ബോര്‍ഡ് സീലിംഗും, ഓടും മേഞ്ഞ മേല്‍ക്കൂരയും കൊണ്ട് മനോഹരമാക്കിയ ഈ പ്രകൃതി സൗഹൃദവീടുകള്‍ കാലങ്ങളോളം നിലനില്‍ക്കുന്നവയാണ്. മറ്റു പരമ്പരാഗത വീടുകളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതിദുരന്തങ്ങളുടെ നാശനഷ്ടങ്ങള്‍ കുറയുന്നുവെന്നതാണ് ഈ വീടുകളുടെ പ്രത്യേകത. കാലങ്ങള്‍ കഴിഞ്ഞാലും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി നിര്‍മ്മിക്കാന്‍ കഴിയുന്ന മെറ്റീരിയലുകളാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.

അതാത് സ്ഥലങ്ങളില്‍ പഞ്ചായത്തുകളുടേയും, ജില്ലാഭരണകൂടങ്ങളുടെയും സഹായത്തോടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവരെയാണ് ഈ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. സെന്റിന് 45000 തോതില്‍ പനമരം പാലുകുന്നില്‍ 60 സെന്റ് സ്ഥലം ഏറ്റെടുത്ത് ഒരു കുടുംബത്തിന് 5,50,000 രൂപ മുതല്‍മുടക്കില്‍ 460 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് കിടപ്പുമുറികളോട് കൂടിയ വീടാണ് നിര്‍മ്മിച്ചിട്ടുള്ളത്. കുടിവെള്ള പദ്ധതി ബയോഗ്യാസ് പ്ലാന്റ്, റോഡ്, വീടുകളുടെ ഫര്‍ണിച്ചര്‍ തുടങ്ങിയ അനുബന്ധസൗകര്യങ്ങള്‍ ഉള്‍പ്പെടെ 9.5 ലക്ഷം രൂപയാണ് ഒരു വീടിന് ചിലവ് വരുന്നത്. മൊത്തം ഒന്നരക്കോടി രൂപയിലാണ് പനമരം-പാലുകുന്നിലെ ഈ വില്ല പ്രൊജക്ട് പൂര്‍ത്തിയായത്. 25ന് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് പാലുകുന്നില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Wayanad
English summary
Thanal in wayanad to handover houses on November 25th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X