ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍; ആദിവാസി യുവതിക്ക് സുഖപ്രസവം
വയനാട്: പ്രസവ വേദനയെ തുടര്‍ന്ന് ആരോഗ്യം വഷളായ യുവതിയുടെ പ്രസവം സുരക്ഷിതമായെടുത്ത് ആംബുലന്‍സ് ജീവനക്കാര്‍. കനിവ് 108 ആംബുലന്‍സിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവതിക്ക് സുരക്ഷിതമായി പ്രസവിക്കാന്‍ സാധിച്ചത്. സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ ഓടപ്പള്ളം നായിക്ക കോളനിയില്‍ രാജുവിന്റെ ഭാര്യ സുനിത (26) ആണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവരം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് കെ.കെ സജിനിയെ അറിയിക്കുകയായിരുന്നു. സുനിതയുടെ ആരോഗ്യ നില അപ്പോഴേക്കും വഷളായിരുന്നു. തുടര്‍ന്ന് സുനിതയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു.

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍ കെ.ജി. എല്‍ദോയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അഖില്‍ ബേബിയും സമയം കളയാതെ ഓടപ്പള്ളത്തേക്ക് പുറപ്പെടുകയായിരുന്നു. കൃത്യസയത്ത് എത്തിയെങ്കിലും കേളനിയിലേക്ക് വാഹനം പോകാത്തതിനാല്‍ ഒരു കിലോമീറ്ററോളം നടന്നാണ് സംഘം കോളനിയിലെത്തിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ യുവതിയുടെ നില വഷളായതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു ഇവര്‍.
8.45ഓടെ സുനിത പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആംബുലന്‍സ് ജീവനക്കാരായ അഖില്‍, എല്‍ദോ, നഴ്സ് സജിനി എന്നിവരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിക്കുകയും ചെയ്തു.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ദിനംപ്രതി വാര്‍ത്തയാകുന്നത്. കഴിഞ്ഞ ദിവസം കൊല്ലം കൊട്ടരക്കാരയില്‍ പ്രസവ വേദനയനുഭവപ്പെട്ട ശ്രീവിദ്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് വീട്്ടുകാര്‍ വേഗത്തില്‍ കനിവ് 108 ആംബുലന്‍സിന്റെ സഹായം തേടുകയും ആംബുലന്‍സ് ജീവനക്കാരായ എം ഷിഹാബുദ്ദീന്‍, വി വിനീഷ് എന്നിവര്‍ ഉടനെത്തുകയും ഇവര്‍ക്ക് വേണ്ട പ്രാഥമിക പരിചരണം നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കിയിലും സമാന സംഭവം നടന്നിരുന്നു. ഹേമാവതി എന്ന യുവതി ആംബുലന്‍സ് ജീവനക്കാരുടെ കൃത്യമായ ഇടപെടലിലൂടെ ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കെത്തിക്കാന്‍ ആംബുലന്‍സില്‍ കയറ്റി.ആംബുലന്‍സ് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. പകുതിയെത്തുമ്പോഴേക്കും ഹേമാവതിയുടെ നില വഷളായതിനെ തുടര്‍ന്ന് വഴിമധ്യേയുള്ള ക്ലിനിക്കിലേക്ക് എത്തിക്കുമ്പോഴേക്കും ഹേമാവതി പ്രസവിക്കുകയായിരുന്നു.












Click it and Unblock the Notifications