കുഞ്ഞിനെ കണ്ട് കൊതിതീര്‍ന്നില്ല; വിശ്വനാഥന്റേത് കൊലപാതകമെന്ന് കുടുംബം, ആശ്വസിപ്പിക്കാനെത്തി രാഹുല്‍
വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞ് ജനിച്ചത്. വിശ്വനാഥന്‍ മരിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ഭാര്യ പ്രസവിച്ചത്.

വയനാട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വിശ്വനാഥന്‍ എന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതാണ് എന്ന ആരോപണവുമായി ബന്ധുക്കള്‍. വിശ്വനാഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. 46 കാരനായ വിശ്വനാഥന്‍ ഏറെ വൈകി കുഞ്ഞ് ജനിച്ച സന്തോഷത്തിലായിരുന്നു.
വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞ് ജനിച്ചത്. ഭാര്യയുടെ പ്രസവത്തിനായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനിടെയാണ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥന്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായിരുന്നു.
ഇതിന് പിന്നാലെയാണ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശ്വനാഥന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വയനാട്ടില്‍ നിന്ന് ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നത്. വിശ്വനാഥന്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ പേഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വനാഥനാണ് ഫോണ്‍ എടുത്തത് എന്ന് സംശയിച്ച് മര്‍ദ്ദിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഈ സംഭവം. ശനിയാഴ്ചയായിരുന്നു വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന് പിന്നാലെ മനോവിഷമത്തിലായിരുന്നു വിശ്വനാഥന്‍ എന്ന് ബന്ധുക്കള്‍ പറയുന്നു.
ആത്മഹത്യ ചെയ്യാന്‍ മറ്റ് കാരണങ്ങളൊന്നും ഇല്ല എന്നും കുഞ്ഞ് ജനിച്ച സന്തോഷത്തിലായിരുന്നു വിശ്വനാഥന്‍ എന്നും സഹോദരന്‍ പറയുന്നു. അതേസമയം കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് വിശ്വനാഥന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത് എന്നും ആരോപണമുണ്ട്. മെഡിക്കല്‍ കോളേജിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന് പരിശോധിക്കും.

അതേസമയം കേരളത്തിലെത്തിയ വയനാട് എം പി രാഹുല്‍ ഗാന്ധി വിശ്വനാഥന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണം എന്നാണ് വിശ്വനാഥന്റെ കുടുംബം ആവശ്യപ്പെടുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മിഷനും മെഡിക്കല്‍ കോളജ് അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കല്‍പറ്റ എം എല്‍ എ ടി സിദ്ദിഖ് മുഖ്യമന്ത്രിക്കും ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications