പൊലീസിന് നേരെ വെടിവെച്ചത് എട്ട് മാവോയിസ്റ്റുകള്‍; യുഎപിഎ ചുമത്തി
കല്‍പ്പറ്റ: വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം സ്ഥിരീകരിച്ച് പൊലീസ്. ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് എട്ട് മാവോയിസ്റ്റുകളാണ് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് സംഘം വെടിയുതിര്‍ത്തത്. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്ത് വെച്ചാണ് വെടിവയ്പ്പ് നടന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി പറഞ്ഞു.
രാവിലെ 9.30 നായിരുന്നു ആക്രമണം. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവെപ്പുണ്ടായി. ഏറ്റുമുട്ടല്‍ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകള്‍ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നു എന്ന് തീവ്രവാദ വിരുദ്ധ സേന ഡി ഐ ജി പുട്ട വിമലാദിത്യയും വ്യക്തമാക്കി. സംഭവത്തില്‍ യു എ പി എ നിയമത്തിലെ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മാവോയിസ്റ്റുകള്‍ ഇവിടെ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയ തണ്ടര്‍ബോള്‍ട്ട് രാവിലെ തെരച്ചിലിന് ഇറങ്ങിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായത് എന്നാണ് വിവരം. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലേക്ക് പിന്‍വലിയുകയായിരുന്നു. വെടിവെപ്പ് നടന്ന സ്ഥലത്ത് രക്തക്കറയുണ്ട്. രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റു എന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇരിട്ടി മേഖലയിലെ ആശുപത്രികളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരിട്ടി എ എസ് പിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സേനയെ വനത്തില്‍ വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ വൈകീട്ടും തുടരുന്നുണ്ട്.
സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ആയാംകുടിയില്‍ ഉണ്ടായിരുന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. ദിവസങ്ങള്‍ക്ക് മുന്‍പ് അയ്യന്‍കുന്ന് വാളത്തോട് മാവോയിസ്റ്റുകള്‍ എത്തി ഭക്ഷണ സാധനങ്ങള്‍ എടുത്ത് പോയിരുന്നു. നേരത്തെ ആറളത്ത് വനം വച്ചര്‍മാര്‍ക്ക് നേരെയും മാേേവായിസ്റ്റുകള്‍ വെടിയുതിര്‍ത്തത്തിരുന്നു.
കൂടാതെ കേളകം പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാവോയിസ്റ്റുകള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെയാണ് ഇന്നും വെടിവെപ്പുണ്ടായിരിക്കുന്നത്. നേരത്തെ വയനാട് പേര്യയിലും മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവെപ്പുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.












Click it and Unblock the Notifications