തലപ്പുഴയില്‍ വീണ്ടും ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് കഴിഞ്ഞ ആഴ്ചയാണ് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇരുവരുടേയും മരണം.

വയനാട്: മാനന്തവാടി തലപ്പുഴയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തലപ്പുഴ 44 ല്‍ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്ത് റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളം എടുത്ത് തീയണക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കണ്ണൂര്‍ സ്വദേശിയുടെതാണ് കാര്‍. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് വയനാട്ടില്‍ ഓടി കൊണ്ടിരിക്കെ കാര്‍ കത്തി നശിക്കുന്നത്.
ഇതില്‍ രണ്ടെണ്ണവും തലപ്പുഴയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗത്തു നിന്നു പുക ഉയരുന്നത് കണ്ട് സമീപത്തെ കടയോടു ചേര്‍ന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു. പിന്നീട് സമീപത്തെ കടക്കാരും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപവും ഓടുന്ന കാറിന് തീപിടിച്ച് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളും തൃശ്ശിലേരിയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങി പോകുന്നതിനിടെയാണ് കാറിന് തീ പിടിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇരുവരുടേയും ദാരുണാന്ത്യം. നാട്ടുകാര്‍ നിസഹായരായി നോക്കി നില്‍ക്കെയായിരുന്നു കാറിനുള്ളില്‍ ഇരുവരും വെന്ത് മരിച്ചത്.












Click it and Unblock the Notifications