വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍; ജില്ലയാകെ സ്തംഭിക്കും, ഗതാഗതമുണ്ടാകില്ല
കല്‍പ്പറ്റ: തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി എന്നിവരാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറ് മണി വരെ നീളും. ഭരണ മുന്നണി അടക്കം സംസ്ഥാനത്തെ മൂന്ന് പ്രധാന കക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലായതിനാല്‍ തന്നെ ജില്ല ഇന്ന് പൂര്‍ണമായി സ്തംഭിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങള്‍ അടക്കം തടയുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പാല്‍, പത്രം, വിവാഹം, പരീക്ഷ, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സര്‍ക്കാരും വന വകുപ്പും ഗുരുതര അനാസ്ഥ തുടരുന്നുവെന്ന് ആരോപിച്ചാണ് യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണം എന്നാണ് എല്‍ ഡി എഫിന്റെ ആവശ്യം. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി ഹര്‍ത്താല്‍.
കഴിഞ്ഞ ശനിയാഴ്ച ബേലൂര്‍ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ പടമല ചാലിഗദ്ദയില്‍ അജീഷ് കൊല്ലപ്പെട്ടിരുന്നു. ഇന്നലെ കുറുവാദ്വീപിലെ വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരന്‍ വി പി പോളും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെയാണ് രാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രി പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട്. അതിനിടെ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ബേലൂര്‍ മഖ്നയെ പിടിക്കാനുള്ള ദൗത്യം ഇന്നും തുടരും.
ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന ഇത് ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ആനയെ മയക്കുവെടി വെക്കാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ രോഷത്തിലാണ്. എന്നാല്‍ ഉചിതമായ സാഹചര്യത്തില്‍ ആന എത്തുന്നില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.












Click it and Unblock the Notifications