വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിക്കുമെന്ന് ഷെഫ് പിള്ള
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കാരുണ്യ ഹസ്തവുമായി ഷെഫ് സുരേഷ് പിള്ള. രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ദുരന്തമനുഭവിക്കുന്നവര്‍ക്കുമായി ഭക്ഷണം ഒരുക്കും എന്ന് ഷെഫ് സുരേഷ് പിള്ള അറിയിച്ചു. ദുരന്തമുഖത്തുള്ള ആയിരത്തോളം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കും എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റില്‍ ഭക്ഷണം ഒരുക്കുന്നുണ്ട് എന്നും അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും സജ്ജീകരിക്കുന്നുണ്ട് എന്നും സുരേഷ് പിള്ള അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നോബി: 91 97442 46674, അനീഷ്: +91 94477 56679 എന്നീ നമ്പറുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായി ബന്ധപ്പെടാം എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 41 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ പത്ത് പേരെ തിരിച്ചറിഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പാലം തകര്‍ന്നതിനാല്‍ മുണ്ടക്കൈ ടൗണിലെ ദുരന്തമേഖലയിലേക്ക് എത്താനാകാത്തതാണ് പ്രധാന വെല്ലുവിളി. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റര്‍ കോഴിക്കോട്ടിറക്കിയിരിക്കുകയാണ്. അതിനിടെ ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് ദൗത്യ സംഘം അറിയിച്ചു.
മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ് എന്നാണ് പ്രദേശത്തെ ജനപ്രതിനിധികള്‍ പറയുന്നത്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്, ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ 700 ഓളം പേര്‍ കുടുങ്ങിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നുണ്ട്.
അതേസമയം ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവരുടെ 250 അംഗങ്ങള്‍ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications