മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായവുമായി മുസ്ലിം ലീഗ്; 100 വീടുകൾ നിർമിച്ച് നൽകും
കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് സഹായവുമായി മുസ്ലിം ലീഗ്. ദുരിത ബാധിതർക്ക് 100 വീടുകൾ നിർമിച്ച് നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ദുരിത ബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും തങ്ങൾ പറഞ്ഞു.
മുസ്സിം ലീഗിന്റെ സഹായ നിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കും. സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കാനും തയ്യാറാണ്. സർക്കാറിന്റെ സഹായം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വിഷയം ലീഗ് എം പി മാർ നേരത്തെ തന്നെ പാർലമെന്റിൽ ഉന്നിയിച്ചിട്ടുണ്ട്. ഇനിയും ഇടപെടലുണ്ടാവും. വയനാട് വനഭൂമി ആയതിനാൽ സ്ഥല ലഭ്യതയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടി വരും. എല്ലാ രീതിയിലും ഇടപെടൽ നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങൾ ജൂലായ് 31 ന് പങ്കുവെച്ച കുറിപ്പ്:
വയനാട് ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളെയും വ്യക്തികളെയും പുനരധിവസിപ്പിക്കുന്നതിന് മുസ്ലിംലീഗും പങ്കാളിത്തം വഹിക്കും.
ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. വീടുകളും സ്വത്തുവകകളും കൂടപ്പിറപ്പികളും നഷ്ടമായി നിരവധി മനുഷ്യരാണ് ദുരന്തമുഖത്ത് സഹായത്തിന് വേണ്ടി കാത്തിരിക്കുന്നത്. മുണ്ടക്കൈയിൽ മാത്രം 400ലധികം വീടുകളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. അവിടെ ബാക്കിയുള്ളത് 35-40 വീടുകൾ മാത്രമാണ്.
ബാക്കിയെല്ലാം മണ്ണിനടിയിൽ ആവുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തു. ചൂരൽമലയിലും സ്ഥിതി വ്യത്യസ്തമല്ല. സകലതും നഷ്ടമായ സഹോദരങ്ങളെ ചേർത്തുപിടിക്കാൻ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്. സംഭവമറിഞ്ഞ ഉടൻ പാർട്ടിയുടെ സംവിധാനങ്ങൾ സജീവമായി രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രംഗത്തുണ്ട്.
മേപ്പാടിയിൽ മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക കൺട്രോൾ റൂം തന്നെ പ്രവർത്തിക്കുന്നുണ്ട്. മുസ്‌ലിംലീഗ് നേതാക്കൾ ഇന്നലെ സാധ്യമായ പ്രദേശങ്ങൾ സന്ദർശിക്കുകയും സഹായങ്ങൾ ഏകോപിക്കുന്നതിന് ഇടപെടുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം യൂത്ത് ലീഗിന്റെ ക്രൈസിസ് മാനേജ്‌മെന്റ് ടീമും വൈറ്റ് ഗാർഡും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സർക്കാർ സംവിധാനം ഉൾപ്പെടെയുള്ള മറ്റു പുനരധിവാസ പദ്ധതികളോടൊപ്പം മുസ്ലിംലീഗും പ്രത്യേക പാക്കേജ് നടപ്പിലാക്കും. വീടുകളുടെ പുനർ നിർമ്മാണവും പുതിയ വീടുകളുടെ നിർമ്മാണവും വിദ്യാഭ്യാസ, സാമ്പത്തിക സാഹയങ്ങളും പാക്കേജിന്റെ ഭാഗമായിരിക്കും.
ഇതുമായി ബന്ധപ്പെട്ട സഹായങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിന് മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്.












Click it and Unblock the Notifications