'നമ്മുടെ വീടിന്റെ ഉയരത്തില്‍ വെള്ളം വരില്ലെടാ എന്ന് പറഞ്ഞു'; ആ കുടുംബത്തെയും വീടും കാണാനില്ലെന്ന് പ്രദേശവാസി
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേരെ കാണാനില്ല എന്ന് പ്രദേശവാസി. ചൂരല്‍മല എച്ച്എസ് റോഡിന് സമീപം താമസിക്കുന്ന യൂനൂസ് എന്നയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തന്റെ വീടിന് താഴെയുള്ള പല വീടുകളും കാണാനില്ല എന്നും മൂന്നാള്‍ പൊക്കത്തില്‍ മണ്ണ് വന്ന് അടിഞ്ഞിരിക്കുകയാണ് എന്നും യൂനൂസ് പറയുന്നു.
യൂനൂസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഞാന്‍ ചൂരല്‍മലയുടെ അടുത്താണ് നില്‍ക്കുന്നത്. വളരെ പ്രയാസപ്പെട്ടാണ് ഇവിടെ നില്‍ക്കുന്നത്. എന്റെ സുഹൃത്തിന്റെ കുടുംബം മണ്ണിനടിയില്‍പ്പെട്ട് പോയി. ഇന്നലെ രാത്രി എട്ട് മണി വരെ അവന്റെ വീട്ടിലുണ്ടായിരുന്നു ഞാന്‍. അവന്റെ വീട്ടിലെ ഒമ്പത് പേരടങ്ങുന്ന കുടുംബത്തെ കാണുന്നില്ല. മണ്ണിനടിയിലാണ് ഉള്ളത്. എന്റെ വീടിന്റെ താഴെ ആകെ മൂന്ന് വീടേ ഉള്ളൂ. ബാക്കി വീടൊന്നും കാണുന്നില്ല.

ചൂരല്‍മാല പാലത്തില്‍ നിന്ന് എച്ച്എസ് റോഡുണ്ട്. അവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ മുകളിലാണ് ഞാന്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പ്രയാസമാണ്. പുഴ മാറിയൊഴുകി വലിയ മരങ്ങളും പാറക്കെട്ടുകളുമൊക്കെ മൂന്നാള്‍ പൊക്കത്തില്‍ വന്ന് അടിഞ്ഞിട്ടുണ്ട്. രാത്രി ഏഴ് മണിക്ക് അവരുമായി സംസാരിച്ചിരുന്നു. നമുക്ക് പേടിക്കാനൊന്നുമില്ല. നമ്മളുടെ വീട് മുകളിലാണ്, അത്ര ഉയരത്തില്‍ വെള്ളം വരില്ല എന്ന് അവന്‍ പറഞ്ഞിരുന്നു.
അവന്റെ ബന്ധുക്കള്‍ മുണ്ടക്കൈ എന്ന സ്ഥലത്തുണ്ട്. മൂന്ന് കുട്ടികളും ഗര്‍ഭിണിയായ ഭാര്യയും ഉണ്ട്. അവരെ ഇവിടെ കൊണ്ട് നിര്‍ത്തിയിരുന്നു. അവന്റെ കുടുംബത്തിലെ എല്ലാവരുടേയും നമ്പര്‍ എന്റെ കൈയിലുണ്ട്. എല്ലാം സ്വിച്ച് ഓഫ് ആണ്. അവന്റെ വീട് നില്‍ക്കുന്ന സ്ഥലം വരെ ഞാന്‍ പ്രയാസപ്പെട്ട് പോയി നോക്കി. ആ ഭാഗം മനസിലാകുന്നത് പോലുമില്ല. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണം, രക്ഷിക്കണം'.
വലിയ ദുരന്തമാണ് വയനാട്ടില്‍ ഇന്ന് പുലര്‍ച്ചെയോടെ ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്തുനിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. മരണസംഖ്യ ഉയരുകയാണ്. പാലവും റോഡും ഒലിച്ച് പോയതിനാല്‍ നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
സംസ്ഥാന- ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിവരാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തുകളിലായാണ് ഉരുള്‍ പൊട്ടിയത്.












Click it and Unblock the Notifications