വയനാട് ഉരുള്‍പൊട്ടല്‍: സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി മോദി ഫോണില്‍ സംസാരിച്ചു. എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസില്‍ എത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു.
അതേസമയം ദുരന്ത സ്ഥലത്ത് അടിയന്തരമായി എത്തുന്നതിനായി മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അല്‍പസമയത്തിലകം എത്തിച്ചേരും. റവന്യു, പൊതുമരാമത്ത്, പട്ടിക ജാതി- പട്ടികവര്‍ഗം വകുപ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാര്‍ഗം വയനാട്ടില്‍ എത്തും.

നിലവില്‍ അഗ്‌നിരക്ഷ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവരുള്‍പ്പെടുന്ന 250 അംഗ സംഘമാണ് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ സംഭവസ്ഥലത്തെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയ ഭാഗത്തേക്ക് കടക്കാന്‍ പ്രയാസമാണ് എന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
മുണ്ടക്കൈ റിസോര്‍ട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. വിദേശികള്‍ അടക്കമുള്ളവര്‍ കുടുങ്ങിയിട്ടുണ്ട്.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്ണൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ മൃതദേഹം ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തുന്നത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തിരുന്നു.
വെള്ളിലമ്പാറ കോളനിയില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുനിപ്പാറയില്‍ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. 40 പേര്‍ മേപ്പാടിയിലെ വിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. നാല് മൃതദേഹങ്ങളും ആശുപത്രിയിലുണ്ട്. വയനാട്ടിലെ ഹാരിസണ്‍സ് എസ്റ്റേറ്റില്‍ എട്ട് തൊഴിലാളികളെ കാണാതായി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications