പ്രസവാവധി തീരുംവരെ തന്റെ കുഞ്ഞിനെ പോലെ ഒരു കുഞ്ഞിനെ കൂടി നോക്കാമെന്ന് പോലീസ് ഉദ്യോസ്ഥ; വയനാടിനൊപ്പം
കല്പറ്റ: വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. എന്നാൽ കേരളം മൊത്തം വയനാടിനെ ചേർത്ത് പിടിച്ചിരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം വയനാട്ടിലേക്ക് എത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഒരു അമ്മയുടെ വാക്കാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രസവാവധിയിൽ കഴിയുന്ന രശ്മി എന്ന കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥയെ ആണ് അവർ എടുത്ത തീരുമാനത്തിന്റേ പേരിൽ കേരളം ഒന്നാകെ അഭിനന്ദിക്കുന്നത്..
ആറ് മാസത്തിൽ താഴെ പ്രായമുള്ള അമ്മയില്ലാത്ത കുഞ്ഞിനെ വയനാട്ടിൽ നിന്ന് കിട്ടിയാൽ തന്റെ ലീവ് തീരുംവരെ ആ കുഞ്ഞിനെ നോക്കാം എന്നാണ് രശ്മി പറഞ്ഞത്. ഇപ്പോൾ പ്രസവാവധിയിലാണ് രശ്മി. തന്റെ കുഞ്ഞിന്റെ കൂടെ അവനെ പോലെ ഒരു കുഞ്ഞിനെ കൂടി നോക്കാം. ഒരു കുറവും വരുത്താതെ തന്നെ എന്ന് രശ്മി പറഞ്ഞു.

രശ്മിയുടെ വാക്കുകൾ:
"പ്രളയത്തിൽ അകപ്പെട്ടുപോയി ഒറ്റദിവസം കൊണ്ട് അനാഥരായി പോയ ആൾക്കാരെ കുറിച്ച് ആലോചിച്ചപ്പോൾ എന്റെ കുഞ്ഞിന്റെ പ്രായത്തിൽ അവിടെയുള്ള കുഞ്ഞു മക്കൾ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യും എന്നോർത്ത് സങ്കടം തോന്നി. എനിക്ക് എന്താ ചെയ്യാൻ പറ്റുന്നത്. എന്റെ കുഞ്ഞിന്റെ കൂടെ അവനെ പോലെ ഒരു കുഞ്ഞിനെ കൂടി നോക്കാം. ഒരു കുറവും വരുത്താതെ തന്നെ".
രശ്മിയെ പോലെ തന്നെ നിരവധി അമ്മമാരാണ് കുഞ്ഞിങ്ങളെക്കുറിച്ച് ആലോചിക്കുകയും തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടറങ്ങുകയും ചെയ്യുന്നത്. കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ എന്റെ ഭാര്യ തയ്യാരാണ് എന്ന് കഴിഞ്ഞ ദിവസം ഉപ്പുതുറ സ്വദേശിയായ സജിൻ അറിയിച്ചിരുന്നു. സജിനും ഭാര്യ ഭാവനും മക്കളും വയനാടേക്ക് തിരിക്കുകയും ത ചെയ്തു.
അതേ സമയം വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പാലം നിർമാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടും. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ദുരന്ത ഭൂമിയിൽ ജീവനോടെ ആരും ഇല്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാമ്പുകൾ കുറച്ച് നാൾകൂടി തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications