'നിലമ്പൂരിൽ നിന്ന് കുറച്ച് ബോഡി വരുന്നുണ്ട്, ഇനി അതിൽ നോക്കണം'; നെഞ്ചുലഞ്ഞ് സനിദ്
വയനാട്ടിലെ ഉരുൾപൊട്ടൽ വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. നിമിഷനേരം കൊണ്ടാണ് നിരവധി മനുഷ്യരുടെ ജീവൻ കവർന്നത്. പ്രിയപ്പെട്ടവർ മലവെള്ളപ്പാച്ചിലൊപ്പം ഒലിച്ച് പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ പകച്ചുനിൽക്കേണ്ടിവന്ന മനുഷ്യർ ആ വേദനയിൽ നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.
ദുരന്തഭൂമിയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുകയാണ് ബന്ധുക്കൾ. അച്ഛനേയും അമ്മയേയും സഹോദരരേയും തേടുന്നവർ, ഭാര്യയയേും മകളയേും ഭർത്താവിനെയും തിരയുന്നവർ. എങ്ങും വേദനപ്പിക്കുന്ന കാഴ്ചയാണ്..

ദുരന്തഭൂമിയിൽ തന്റെ ചേട്ടനേയും ചേട്ടത്തിയേയും തിരയുകയാണ് സനിദ് എന്ന സഹോദരൻ. ദുരന്തവാർത്ത അറിഞ്ഞെത്തിയ സനിദിന് തന്റെ ചേട്ടന്റെ കുടുംബം എവിടെയാണെന്ന് അറിയില്ല. ഇതുവരെ ഒരു വിവരവും ലഭിച്ചില്ലെന്നാണ് സനിദ് വൺഇന്ത്യ മലയാളത്തോട് പറഞ്ഞത്. പോലീസ് സ്‌റ്റേഷനിൽ നിൽക്കുകയാണ് അദ്ദേഹം. നിലമ്പൂരിൽ നിന്ന് വരുന്ന മൃതദേഹങ്ങളിൽ തന്റെ പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് നോക്കണം.
ചേട്ടന്റെ കുടുംബത്തെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. നിലമ്പൂരിൽ നിന്ന് കുറച്ച് ബോഡി വരുന്നുണ്ട്, ഇനി അതിൽ നോക്കാണം. ഞാൻ ഇപ്പോൾ പോലീസ് സ്‌റ്റേഷനിൽ ഉണ്ട്. ജോയി, ലീലാമ്മ എന്നിവരെയാണ് കാണാതായത്. പോലീസുകാർ ഓരോ ലിസ്റ്റ് കാണിച്ചുതരുന്നുണ്ട്. ഇനി നിലമ്പൂരിൽ നിന്ന് വരുന്ന ബോഡി നോക്കണം. രണ്ട് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. മക്കൾ വേറെ സ്ഥലത്തായിരുന്നു. ജോയിയുടെ അനിയനാണ് ഞാൻ,' സനിദ് പറഞ്ഞു.
അതേ സമയം വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 215 പേരുടെ മൃതദേഹം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുയ 87 സ്ത്രീകളുടെയും 98 പുരുഷന്മാരുടെയും 30 കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 148 മൃതശരീരങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
91 പേർ പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്നുണ്ട്. ഡിസ് ചാർജ് ചെയ്ത 206 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ 93 ദുരിതാശ്വാസ ക്യാമ്പിലായി 10,042 പേർ താമസിക്കുന്നുണ്ട്. ചൂരൽമലയിലെ 10 ക്യാമ്പിലായി 1707 പേർ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ മികച്ച രീതിയിൽ പുനരധിവസിപ്പിക്കുന്നതിനാണ് മുൻഗണന. കൂടുതൽ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗൺഷിപ്പ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ച് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications