വയനാട് ഉരുള്‍പൊട്ടല്‍: ആറാം ദിനത്തിലെ രക്ഷാദൗത്യം തുടങ്ങി; 206 പേര്‍ കാണാമറയത്ത്
വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിനവും ആരംഭിച്ചു. ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ 1264 പേരാണ് ഉള്ളത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്‍, ചാലിയാര്‍ പുഴയിലെ വിവിധ ഭാഗങ്ങള്‍ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍ നടത്തുക.
അതേസമയം മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് തിരച്ചിലിന് ഉപയോഗിക്കും. തമിഴ്‌നാട് ഫയര്‍ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണം കൂടി രക്ഷാദൗത്യത്തിന് ലഭിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകരെ ഒറ്റയ്ക്ക് വിടാതെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ചാലിയാറിലെ തിരച്ചിലും രാവിലെ ഏഴ് മണിയോടെ ആരംഭിച്ചിട്ടുണ്ട്.

അഞ്ചാം ദിവസവും ആരെയും ജീവനോടെ മണ്ണിനടിയില്‍ നിന്നോ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 365 പേരാണ് മരിച്ചത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. ഇനിയും 206 പേരെ കണ്ടെത്താനുണ്ട് എന്നാണ് കണക്ക്. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്‌കാരം നടത്തും.
ഇന്നലെ നാല് മൃതദേഹങ്ങളാണ് വയനാട്ടില്‍ നിന്ന് കണ്ടെടുത്തത്. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ചാലിയാറില്‍ നിന്ന് ഇതുവരെ 205 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച വരെ പരിശോധന നടത്തും. തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം എന്നാണ് അറിയാന്‍ കഴിയുന്നത്.
തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മേപ്പാടിയില്‍ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്നുണ്ടായേക്കും എന്നാണ് വിവരം. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ സംസ്‌കാരം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി ഇന്ന് ചൂരല്‍ മലയിലെത്തും.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം പ്രത്യേക കൗണ്ടര്‍ തുറന്നു. ടീം ലീഡറുടെ പേരും വിലാസവും നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കണം എന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications