'ബാപ്പ മരിച്ചുകിടക്കുകയാണ്, ചെറിയ ചെക്കൻ മരിച്ചുകിടക്കുകയാണ്, എങ്ങനയെങ്കിലും രക്ഷപ്പെടുത്ത്'
മേപ്പാടി: വലിയൊരു ദുരന്തത്തിനാണ് വയനാട് സാക്ഷിയായിരിക്കുന്നത്. ഉരുൾപൊട്ടലിന്റെ ഭീതിയിൽ നിന്ന് ആരും മുക്തരായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. മുണ്ടക്കൈയുടെ പല ഭാഗങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കുന്നില്ല. അക്കരെ നിന്ന് ജീവന് വേണ്ടി കരയുമ്പോഴും കുത്തിയൊലിക്കുന്ന പുഴ കടന്ന് പോകാൻ പറ്റാതെ വേദനയോടെ നിൽക്കേണ്ട അവസ്ഥയാണ്.
താത്ക്കാലിക പാലം നിർമ്മിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള ശ്രമം ആണ് നടന്നുകൊണ്ടിരിക്കുന്നത്. പലർക്കും കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് നിന്ന് പുറത്തുവരാൻ സാധിക്കാത്ത അവസ്ഥയാണ്. മുണ്ടക്കൈ വീട്ടിനകത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നാട്ടുകാരനായ സുഹൈൽ പറയുന്നു.

മീഡിയ വണ്ണിനോടാണ് പ്രതികരണം. ' ബാപ്പ മരിച്ചുകിടക്കുകയാണ്, ചെറിയ ചെക്കൻ മരിച്ചുകിടക്കുകയാണ്. അവരുടെ കൂട്ടത്തിൽ ഒരാൾക്ക് ജീവനുണ്ട്. അതിന്റെ ഉള്ളിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കുന്നില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടുത്താൻ പറ്റുമെങ്കിൽ ഞങ്ങളെ രക്ഷപ്പെടുത്ത് സാറേ,'' എന്നാണ് സുഹൈൽ പറയുന്നത്.
മുണ്ടക്കൈ ടൗണിലെ വീടാണെന്നും സുഹൈൽ പറയുന്നു. പടിക്കാപ്പറമ്പിലെ വീടാണ്. അതിന്റെ ഉള്ളിലാണ് ഒരാൾ ജീവനോടെയിരിക്കുന്നത്. ഞങ്ങളെല്ലാവരും അവനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്, സുഹൈൽ പറയുന്നു. മരിച്ചവർ തങ്ങളുടെ അടുത്ത് കിടക്കുകയാണെന്നും അദ്ദേഹം പറയുന്നു. വീടിന്റെ ബീമൊക്കെ വന്നുകിടക്കുകയാണ് അതിനുള്ളിൽ പെട്ട് കിടക്കുകയാണ്, ഫയർഫോഴ്‌സ് വരാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണ സംഖ്യ 62 ആയി. വലിയ ദുരന്തമുണ്ടായ മുണ്ടക്കൈ മേഖലയിലേക്ക് പൂർണതോതിൽ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലയ എൻ ഡി ആർ എഫിന്റെ 5 പേരടങ്ങുന്ന ചെറു സംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിൽ എത്താനായത്.
ചൂരൽ പുഴയ്ക്ക് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എൻ ഡി ആർ എഫ് സംഘം ഭക്ഷണം എത്തിച്ച് നൽകി. പുഴയുടെ കുറുകെ കെട്ടി വടത്തിലൂടെയാണ് ഉദ്യോഗസ്ഥർ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ ചൂരൽമല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് വയനാട് ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.












Click it and Unblock the Notifications