നോവുണങ്ങും മുന്‍പ് ശ്രുതിയെ തേടി മറ്റൊരു ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരിക്ക്
കല്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹാനാപകടത്തിൽ പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് - കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപം സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചാണ് വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനും ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജെൻസന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. അതേ സമയം ശ്രുതി കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാട് ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ 9 പേരെയായിരുന്നു ശ്രുതിക്ക് നഷ്ടമായത്. ഉരുൾപൊട്ടൽ സമയത്ത് കോഴിക്കോട് ജോലി സ്ഥലത്തായിരുന്നു ശ്രുതി. ഉരുൾപൊട്ടൽ നടക്കുന്നതിന് ഒരു മാസം മുൻപായിരുന്നു ശ്രുതിയുടെയും ജെൻസന്റേയും വിവാഹ നിശ്ചയം കഴിഞ്ഞത്.
വിവാഹ നിശ്ചയത്തിന്റെ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ വീടിന്റെ പാലുകാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛൻ കരുതി വെച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുൾപൊട്ടലിൽ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് വാഹനാപകടം.
പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രുതിയും ജെൻസനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഉരുൾപൊട്ടലുണ്ടായിരുന്നത്. ഒറ്റ രാത്രികാെണ്ട് കുടുംബത്തെ മുഴുവൻ നഷ്ടമായ ശ്രുതിയെ ചേർത്ത് പിടിച്ച് ജെൻസൻ കൂടെ നിന്നു. ക്യാമ്പിൽ ആയിരിക്കുമ്പോഴും ശ്രുതിക്കൊപ്പം ജെൻസൻ ഉണ്ടായിരുന്നു.
.












Click it and Unblock the Notifications