വയനാട്: തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന, ബിഎംഎസും സമരം തുടങ്ങി, 29 ആവശ്യങ്ങള്‍!!
കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് ബി എം എസും സമരം തുടങ്ങി. തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക, ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെത്തി തൊഴിലാളി കുടുംബങ്ങള്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കുക, മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക, വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക, മരണാനന്തര ചെലവ് 10000 രൂപയാക്കുക, ഗ്രാറ്റ്വിറ്റി 30 ദിവസത്തെ ശമ്പളം കണക്കാക്കി നല്‍കുക, ഓവര്‍ കിലോ റെയ്റ്റ് 75 ശതമാനം വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെ 29 ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു സമരം.
പൊഡാര്‍ പ്ലാന്റേഷന് റിപ്പണ്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ബി.എം.എസ്. ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു. നിലവിലെ 301 രൂപ വേതനത്തില്‍ നിന്നും കേവലം അഞ്ച് രൂപ വര്‍ദ്ധിപ്പിക്കാമെന്നും പകരം അധ്വാനഭാരം കൂട്ടണം എന്ന മാനേജ്മെന്റ് നിലപാട് തോട്ടം തൊഴിലാളികളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് മാനേജ്മെന്റിന് ഗുണകരമായ റിട്ട. ജസ്റ്റിസ് എന്‍ കൃഷ്ണന്‍നായര്‍ കമ്മീഷന് റിപ്പോര്‍ട്ടാണ്.
ഇവിടെ തൊഴിലാളികളുടെ ന്യായമായ ഒരാവശ്യം പോലും പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല, തൊഴിലാളികള്‍ക്ക് അനുയോജ്യമായ തരത്തില്‍ ന്യായമായ ആവശ്യങ്ങള്‍ ഒന്നുപോലും നടപ്പാക്കുവാന്‍ തോട്ടം ഉടമകളോട് നിര്‍ദ്ദേശിക്കുവാന്‍ തൊഴില്‍ മന്ത്രിയോ, വ്യവസായ മന്ത്രിയോ, ധനമന്ത്രിയോ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലയില്‍ നാലു ദിവസങ്ങളിലായി തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഒരു സൂചനയാണെന്നും, അനങ്ങാപാറനയമാണ് പി.എല്‍.സി.യോഗങ്ങളില്‍ കൈക്കൊള്ളുന്നതെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരത്തിന് നേതൃതം നല്കുവാന് ബി എം എസ് തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി ആര് സുരേഷ്, യൂണിയന് പ്രസിഡന്റ് എന്‍ പി ചന്ദ്രന്, കൃഷ്ണന് ഓടത്തോട്, രവീന്ദ്രന്, സി ഉണ്ണികൃഷ്ണന്, ഇ എം ഉണ്ണികൃഷണന്, കെ.അപ്പൂട്ടി, കെ.മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.