കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കെഎസ്ടിഎ: ഡിഡിഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും 21ന്
കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക തുടങ്ങിയ 42 ആവശ്യങ്ങളുന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ജൂലൈ 21 ഡി സി ഇ ഓഫീസിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക.
സിവില്‍ സ്റ്റേഷന് മുമ്പില്‍ ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി കെ റഫീഖ് ധര്‍ണ ഉദ്ഘാടനം ചെയ്യും. കെ എസ് ടി എ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എം സി പ്രസാദ് മാര്‍ച്ചില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അവതരിപ്പിക്കും. എന്‍ എ വിജയകുമാര്‍, വി എ ദേവകി, പി ജെ ബിനേഷ് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്യും. മൂന്ന് ഉപജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്ക് ക്രമത്തില്‍ അണിനിരക്കും.

വിദ്യാഭ്യാസമേഖലക്കുള്ള കേന്ദ്രവിഹിതം വര്‍ധിപ്പിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുക, മതനിരപേക്ഷത സംരക്ഷിക്കുക, മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തുകളയുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം പി എസ് സിക്ക് വിടുക, യു ഡി എഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധനാ നടപടികള്‍ ത്വരിതപ്പെടുത്തുക, പ്രിന്‍സിപ്പല്‍ തസ്തിക അധികതസ്തികയാക്കുക, പൊതുവിദ്യാഭ്യാസ മേഖല ഒരുകുടക്കീഴിലാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുക, ഹൈസ്‌ക്കൂളിലെ ഇംഗ്ലീഷ് അധ്യാപക തസ്തിക ഭാഷാധ്യാപക തസ്തികയാക്കിമാറ്റുക, ഹൈസ്‌ക്കൂള്‍-ഹയര്‍ സെക്കന്ററി ക്ലാസുകളിലെ അധ്യാപക വിദ്യാര്‍ത്ഥി ആനുപാതം 1:40 ആക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ വിദ്യാലയങ്ങളില്‍ ബ്രാഞ്ച് കമ്മിറ്റികളില്‍ ഇതിനകം തന്നെ പ്രചാരണം നടത്തി. ഉപജില്ലാതലത്തില്‍ വനിത, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കണ്‍വെന്‍ഷനുകളും നടത്തി.
പൊതുവിദ്യാലയങ്ങളെ അക്കാദമിക മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ജില്ലയിലെ അധ്യാപകരുടെ പിന്തുണ പ്രഖ്യാപിക്കുന്നതിനുള്ള അവസരമായി കണ്ട് ഡി ഡി ഓഫീസ് മാര്‍ച്ചിലും ധര്‍ണയും മുഴുവന്‍ അധ്യാപകരും അണിചേരണമെന്ന് കെ എസ് ടി എ ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പത്രസേേമ്മളനത്തില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എന്‍ എ വിജയകുമാര്‍, ജില്ലാസെക്രട്ടറി പി ജെ ബിനേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ അശോക് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിത തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications