മക്കിമലയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു; മുനീശ്വരന്‍കുന്നിലേക്കുള്ള ഗതാഗതം നിലച്ചു
മാനന്തവാടി: കനത്തമഴക്ക് ശമനമായെങ്കിലും മഴയോട് അനുബന്ധിച്ചുള്ള കെടുതികള്‍ വയനാട്ടില്‍ തുടരുന്നു. വീടുകള്‍ വിണ്ടുകീറിയും, മണ്ണ് തെന്നിനീങ്ങിയും മാനന്തവാടി പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് തുടര്‍ച്ചയായി ഉരുള്‍പ്പൊട്ടലുണ്ടായ മക്കിമലയില്‍ റോഡ് ഇടിഞ്ഞുതകര്‍ന്നു.
മക്കിമല ആറാംനമ്പര്‍-മുനീശ്വരന്‍കുന്ന് റോഡാണ് ഇടിഞ്ഞുതകര്‍ന്നത്. അപകടകരമാം വിധമാണ് ഇപ്പോള്‍ ഈ പ്രദേശം നില്‍ക്കുന്നത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. അമ്പത് മീറ്ററോളം ദൂരത്തില്‍ ശക്തിയായി മണ്ണിടിച്ച് താഴെക്ക് പതിച്ചിട്ടുണ്ട്. അതിശക്തമായ വെള്ളപ്പാച്ചിലിലാണ് റോഡ് പാടെ തകര്‍ന്നത്.

അഞ്ച് വൈദ്യുത തൂണുകളും ഇവിടെ തകര്‍ന്നിട്ടുണ്ട്. മുനീശ്വരന്‍കുന്ന് പ്രദേശത്തേക്ക് പോകുന്ന റോഡാണിത്. ഈ വഴിയിലൂടെയായിരുന്നു അവിടേക്ക് വാഹനങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. യാത്ര ദുഷ്‌ക്കരമായ പുതിയിടം-മുനീശ്വരന്‍കുന്ന് റോഡാണ് ഇനി പ്രദേശവാസികളുടെ ഏകആശ്രയം. 50 മീറ്റര്‍ റോഡ് മാത്രമാണ് നിലവില്‍ കോണ്‍ക്രീറ്റ് ചെയ്തതിട്ടുള്ളത്. ബാക്കി വരുന്ന 350 മീറ്റര്‍ റോഡ് പൂര്‍ണ്ണമായും മണ്‍റോഡാണ്. ഇതാണെങ്കില്‍ തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്.
ഈ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ ഒരു വാഹനവും ഇതിലെ പോകാറുമില്ല. മുനിശ്വരന്‍കുന്ന് ഇക്കോ ടൂറിസം കേന്ദ്രം,മുനീശ്വരന്‍കുന്ന് ക്ഷേത്രം, എന്‍.സി.സി.പരിശീലന കേന്ദ്രം, നിരവധി വീടുകള്‍ എന്നിങ്ങനെ ഇവിടേക്ക് പോകാനുള്ള ഏകവഴിയാണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നിരിക്കുന്നത്. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
മക്കിമലയിലും പരിസരപ്രദേശങ്ങളിലും മഴ കുറഞ്ഞിട്ടും നിരവധി പ്രതിസന്ധികളാണ് ഓരോ ദിവസവുമുണ്ടാകുന്നത്. മക്കിമലയില്‍ നിരവധി റോഡുകളും, വീടുകളും മഴക്കെടുതിയില്‍ തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നാശനഷ്ടങ്ങളുടെ വാര്‍ത്ത പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications