നവദമ്പതികളുടെ കൊലപാതകം: പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി, മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്
നവദമ്പതികളുടെ കൊലപാതകം: പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി, മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
കല്‍പ്പറ്റ: കണ്ടത്തുവയലിലെ നവദമ്പതികളെ കൊലപൊതകക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ പുരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (18) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതി കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (42)യും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കൊല നടന്ന വീട്ടിലും പരിസരപ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊലപാതകം നടത്തുന്നതിന് ഉപയോഗിച്ച കമ്പി വീടിന് മുമ്പിലുള്ള കമുകിന്‍ തോട്ടത്തില്‍ വിശ്വനാഥന്‍ കണ്ടെടുത്തു. പ്രതിയെയും കൊണ്ട് പൊലീസ് എത്തുന്നതറിഞ്ഞ് നൂറ് കണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതോടെ പ്രദേശവാസികള്‍ ആശ്വാസത്തിലായിരിക്കുകയാണ്.

വിശ്വനെ ഭയന്ന് ഉറങ്ങാതിരുന്ന കാവിലുംപാറ സ്വദേശികള്‍
നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി വിശ്വനാഥന്‍ അറസ്റ്റിലായതോടെ വെള്ളമുണ്ടക്കാര്‍ക്കൊപ്പം കാവിലുംപാറ സ്വദേശികളും ഒരുപോലെ ആശ്വസിക്കുന്നു. നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവായിരുന്നു വിശ്വനാഥന്‍. രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും വിശ്വന്‍ കയറിയിട്ടുണ്ടെന്ന് പേടിച്ച കാലമുണ്ടായിരുന്ന കാവിലുംപാറക്കാര്‍ക്ക്.

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
''പണ്ട് തൊട്ടില്‍പാലം ബിന്ദു ടാക്കീസില്‍ നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് പോരുമ്പോള്‍ പലതവണ വിശ്വനെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ മുന്നിലോ പിന്നിലോ ഒക്കെയായി തല താഴ്ത്തി നടന്നു പോകുന്നുണ്ടാവും അയാള്‍. അതിരാവിലെ കുട്ടുകാരുമൊത്ത് ഓടാന്‍ പോയിരുന്ന കാലത്തും അയാള്‍ ഏതെങ്കിലുമൊക്കെ വഴിയെ നടന്നു പോകുന്നത് പലകുറി കണ്ടിട്ടുണ്ട്. എവിടെ നിന്ന് വരുന്നുവെന്ന് അറിയില്ല. പക്ഷേ വിശ്വന്‍ ആളൊരു കള്ളനാണെന്ന് നാട്ടില്‍ പാട്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ സത്യത്തില്‍ അയാളെ പേടിയായിരുന്നു. മുണ്ട് മാടിക്കുത്തി, മുഖം താഴ്ത്തി, വേഗത്തില്‍ നടന്നു പോകുന്ന പ്രകൃതം. രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും വീട്ടില്‍ വിശ്വന്‍ കയറിയിട്ടുണ്ടെന്ന് പേടിച്ച കാലം. തൊട്ടില്‍പാലത്ത് നിന്ന് താമസം മാറിയ ശേഷമാകും വിശ്വനെക്കുറിച്ചുള്ള പേടി മറന്നു തുടങ്ങിയത്. ഇടക്കാലത്ത് വിശ്വന്‍ ഗള്‍ഫില്‍ പോയപ്പോള്‍ നാടിനൊരാശ്വാസം ഉണ്ടായിരുന്നു. തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി. ആയിടെ മോഷണ നടത്താന്‍ ചെന്ന വീട്ടിലെ കിണറ്റില്‍ വീണെന്നും നാട്ടുകാര്‍ പൊക്കിയെടുത്ത് പൊതിരെ തല്ലിയെന്നും കേട്ടിരുന്നു. എന്തൊരു സന്തോഷമായിരുന്നു ആ കേള്‍വി, അത്രമേല്‍ അവന്‍ എന്റെ ബാല്യകൗമാരങ്ങളില്‍ ഭയപ്പെടുത്തിയിരുന്നു. അതിനൊക്കെ അപ്പുറത്തെ സന്തോഷവും സ്വസ്ഥതയുമാണ് ഇന്നിപ്പോള്‍ ഈ ചിത്രം തരുന്നത്. വിലങ്ങണിഞ്ഞ് നില്‍ക്കുന്ന കള്ളന്‍ വിശ്വന്‍. കുറ്റം, രണ്ടു മാസം മുമ്പ് മോഷണശ്രമത്തിനിടെ വയനാട് വെള്ളമുണ്ടയില്‍ യുവദമ്പതികളെ തലയ്ക്കടിച്ചു കൊന്നു. കേരള പൊലീസിന് നന്ദി. കാവിലുംപാറക്കാര്‍ സ്വസ്ഥമായി ഉറങ്ങിക്കോട്ടെ.''

അന്വേഷണം കടന്നപോയത് നിരവധി പ്രതിസന്ധികളിലൂടെ
നവദമ്പതികളുടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം നിരവധി പ്രതിസന്ധികളിലൂടെ. യാതൊരുവിധ തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കൊലപാതകം നടത്തിയതെന്നതായിരുന്നു അതിനുള്ള പ്രധാനകാരണം. തുമ്പുകളൊന്നുമില്ലാതെ അന്വേഷണം നടക്കുമ്പോള്‍ പ്രദേശവാസികള്‍ സംഘടിച്ച് ആക്ഷന്‍കമ്മിറ്റി വരെ രൂപീകരിച്ചു. പൊലീസിനെ പഴിചാരി വിവിധ രാഷ്ട്രീയകക്ഷികളുമെത്തി. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ എല്ലാവിധത്തിലുമുള്ള അന്വേഷണം പൊലീസ് തുടര്‍ന്നു. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കടന്നുപോയത് പല വിഷമഘട്ടങ്ങളും കടന്നായിരുന്നു. സംശയം തോന്നിയ വ്യക്തികളുടെ ഫിംഗര്‍പ്രിന്റ്, ഫൂട്ട്പ്രിന്റ് എന്നിവയെടുത്തും, പ്രദേശത്തെത്തിയ വാഹനങ്ങളെ കുറിച്ചും വരെ അന്വേഷണം നീണ്ടു. ഏകദേശം 230-ഓളം തൊഴിലാളികളുടെ പ്രിന്റുകളെടുത്തും തദ്ദേശീയരായ 60 വയസിന് താഴെയുള്ളവരുടെ ഫിംഗര്‍പ്രിന്റ്, ഫൂട്ട് പ്രിന്റ്എന്നിവയുമെടുത്തും പരിശോധനകള്‍ നടത്തി. രണ്ട് ലക്ഷത്തിലധികം ഫോണ്‍കോളുകളും എസ് എം എസുകളും സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതി വിശ്വനാഥനിലേക്കെത്തുന്നത്. മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യക്കും സംഘത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ കണ്ടെത്തിയതിലൂടെ ഉണ്ടായിരിക്കുന്നത്.

അന്വേഷണത്തില്‍ തെളിഞ്ഞത് 27 മോഷണക്കേസുകള്‍
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞത് 27 മോഷണക്കേസുകള്‍. കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും കേസുകള്‍ കൂടി തെളിയിക്കാന്‍ പൊലീസിന് സാധിച്ചത്. 238 മോഷ്ടാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്രയും കേസുകള്‍ തെളിഞ്ഞത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലുള്ള മോഷണം, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. സെന്‍ട്രല്‍ ജെയില്‍, ജില്ലാജെയില്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ കുറ്റവാളികള്‍, കഞ്ചാവ് കച്ചവടക്കാര്‍ എന്നിവരെ കുറിച്ചും, വയനാട്, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ കുടക്, മൈസൂര്‍, നീലഗിരി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള മുന്‍ കുറ്റവാളികളെ കുറിച്ചും പൊലീസ് വിശദമായ രീതിയില്‍ അന്വേഷിച്ചു. ഇതിനൊടുവിലാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്.












Click it and Unblock the Notifications