വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരവങ്ങളില്ലാതെ വയനാട്ടിലെ ഓണാഘോഷം:1852 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ സദ്യ വിളമ്പി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ആരവങ്ങളും ആര്‍പ്പുവിളികളുമില്ലാതെ ഓണാഘോഷം. ഉത്രാടദിനത്തില്‍ ജില്ലയിലെ കടകമ്പോളങ്ങളൊന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് സജീവമായിരുന്നില്ല. പ്രളയം കാര്‍ഷികമേഖലയിലുണ്ടാക്കിയ കനത്തനാഷനഷ്ടം മൂലം സാമ്പത്തിക പ്രതിസന്ധി ജില്ലയില്‍ രൂക്ഷമായതാണ് ഓണചന്തകള്‍ വേണ്ടത്ര സജീവമാകാതിരിക്കാന്‍ കാരണം.

മുന്‍വര്‍ഷങ്ങളില്‍ ഓണത്തോട് അനുബന്ധിച്ച് നിരവധി പരിപാടികള്‍ ജില്ലയില്‍ നടന്നിരുന്നു. വിവിധ ക്ലബ്ബുകളും സംഘടനകളും ഓണക്കാലത്ത് പൂക്കളമത്സരമടക്കമുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഓണക്കാലത്ത് മാത്രം നടന്നിരുന്ന കലം തല്ലിപ്പൊട്ടിക്കല്‍, ചാക്കിലോട്ടം, വാഴകയറ്റം, സൂചിയില്‍ നൂല്‍കോര്‍ക്കല്‍ എന്നിങ്ങനെ ഗ്രാമത്തെ മൊത്തം ആകര്‍ഷിച്ചിരുന്ന മത്സരപരിപാടികളൊന്നും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലൊരിടത്തും നടന്നില്ല.

floodkeralaonamcelebration-

ഓണക്കാലത്ത് വയനാടിനെ ഏറെ ആകര്‍ഷിച്ചിരുന്ന ഒന്ന് പൂവിപണികളായിരുന്നു. ഗുണ്ടല്‍പേട്ടയിലെ ചെണ്ടുമല്ലിപാടത്ത് നിന്നും ഓണക്കാലമായാല്‍ പൂക്കള്‍ അതിര്‍ത്തി കടന്ന് വയനാട്ടിലെത്തും. കല്‍പ്പറ്റയടക്കമുള്ള ടൗണുകളില്‍ മുട്ടിന് മുട്ടിന് പൂവിപണികളുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കല്‍പ്പറ്റയിലടക്കം ഒന്നോ, രണ്ടോ പൂക്കച്ചവടക്കാരെയല്ലാതെ മറ്റൊന്നും കാണാന്‍ സാധിച്ചില്ല. ഓണക്കാലത്ത് സ്‌കൂള്‍, കോളജുകള്‍, വിവിധ സംഘടനകള്‍ എന്നിങ്ങനെ പൂക്കളമത്സരവും നടത്താറുണ്ടായിരുന്നു. എന്നാല്‍ ഒരിടത്തും ഇത്തവണ പൂക്കളമത്സരം പോലുള്ള ആഘോഷങ്ങളും നടന്നില്ല. ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധയിടത്ത് കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തവണ അതൊന്നും എവിടെയും കാണാന്‍ സാധിച്ചില്ല. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 1852 കുടുംബങ്ങളിലെ 6410 പേര്‍ ഇപ്പോഴും ദുരിതാശ്വാസക്യാംപുകളില്‍ കഴിയുകയാണ്. ഇതില്‍ ഓണക്കാലത്തെ ഏറ്റവും വരവേല്‍ക്കാറുള്ള കുട്ടികളുടെ എണ്ണം 1070 ആണ്. മാനന്തവാടി ന്യൂമാന്‍സ് കോളജിലെ ക്യാംപില്‍ മാത്രം 225 കുടുംബങ്ങളിലെ 843 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. ക്യാംപുകളില്‍ ഓണത്തോട് അനുബന്ധിച്ച് ഓണസദ്യ വിളമ്പി. മാനന്തവാടി പഞ്ചാരക്കൊല്ലി പിലാക്കാവിലുള്ള ക്യാംപില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും, ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാറും ചേര്‍ന്നാണ് ക്യാംപംഗങ്ങള്‍ക്ക് സദ്യ വിളമ്പിയത്.

ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് നിലവില്‍ മറ്റ് പ്രതിസന്ധികളൊന്നുമില്ല. ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്രയോ പേരാണ് തിരുവോണദിവസവും സഹായവുമായെത്തിയത്. വയനാട്ടില്‍ ഒറ്റപ്പെട്ട മഴ മാത്രം പെയ്യുമ്പോഴും കാലവര്‍ഷം അവശേഷിപ്പിച്ചുപോയ പ്രതിസന്ധികള്‍ ഇപ്പോഴും തുടരുകയാണ്. ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങിയെങ്കിലും ഇനിയും വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാനുണ്ട്. പ്രതിസന്ധി മറികടക്കുന്നതിനായി ജില്ലാഭരണകൂടം ശക്തമായി ഇടപെടുന്നുണ്ടെങ്കില്‍ പോലും തകര്‍ന്ന റോഡുകളടക്കം നന്നാക്കാന്‍ ഇനിയും മാസങ്ങളെടുക്കും. ജില്ലയില്‍ മാത്രം റോഡുകള്‍ തകര്‍ന്നത് മൂലം 400 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് കണക്ക്. പ്രധാന റോഡുകളും തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്.

Wayanad
English summary
wayanad local news about onam celebration in relief camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X