വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത, മരിച്ചത് അച്ഛനും മകനും ബന്ധുവും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി വെള്ളമുണ്ട വാരാമ്പറ്റയില്‍ മദ്യപാനത്തിന് പിന്നാലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. വാരാമ്പറ്റ കൊട്ടാരംക്കുന്ന് കാവുംകുന്ന് കോളനിയിലെ തിഗന്നായി (65), പ്രമോദ് (35), പ്രസാദ് (40) എന്നിവരാണ് ഇന്നലെ മരിച്ചത്. മരണത്തിന് കാരണം മൂന്നുപേരും കഴിച്ച മദ്യമാണോയെന്നാണ് ഇപ്പോള്‍ സംശയമുണര്‍ന്നിരിക്കുന്നത്. മാനന്തവാടി സ്വദേശി പൂജാദികര്‍മ്മങ്ങള്‍ക്കും ഗുളികന്‍ സേവക്കുമായി എത്തിച്ച മദ്യം കഴിച്ചതിന് പിന്നാലെയാണ് മൂന്ന് പേരും മരിക്കുന്നത്.

മിലിട്ടറി മദ്യമെന്ന പേരില്‍ മാനന്തവാടിയിലെ ഒരു സ്വര്‍ണപ്പണിക്കാരന്‍ 500 രൂപക്ക് നല്‍കിയ മദ്യമാണ് ഇവര്‍ കഴിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് വാരാമ്പറ്റ കൊട്ടാരംകുന്ന് കാവുംകുന്ന് കോളനിയിലെ തിഗന്നായി (65) മരിക്കുന്നത്. വീട്ടില്‍ വെച്ച് പൂജാദികര്‍മ്മങ്ങളും ഗുളികന്‍ സേവയും നടത്തിവരുന്ന തിഗന്നായിക്ക് പൂജക്കെത്തിയ മാനന്തവാടി സ്വദേശിയാണ് മദ്യം നല്‍കിയത്. മാനന്തവാടി സ്വദേശി മകള്‍ക്കൊപ്പം ഗുളികന്‍ സേവക്കായി തിഗന്നായിയുടെ വീട്ടിലെത്തുകയായിരുന്നു.

liquordeath

പൂജക്ക് ശേഷം ഗുളികന് നല്‍കിയതിന്റെ ബാക്കിയില്‍ നിന്ന് തിഗന്നായി മദ്യം കഴിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമെന്ന് തെറ്റിദ്ധരിച്ച മകനും ബന്ധുക്കളും തരുവണയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ മരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് തിഗന്നായിയുടെ ശവസംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ബുധനാഴ്ച രാത്രിയോടെ തിഗന്നായിയുടെ മകന്‍ പ്രമോദും, ഭാര്യ സഹോദരിയുടെ മകന്‍ പ്രസാദും ബാക്കിയുണ്ടായിരുന്ന മദ്യം കഴിക്കുന്നത്. മദ്യം കഴിച്ചപാടെ അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ ഇരുവരെയും മാനന്തവാടി ജില്ലാ ആശുത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പ്രമോദ് യാത്രാമധ്യേയും, പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു.

സാധാരണ വിഷമോ, വിഷമദ്യമോ കഴിച്ചാലുള്ള ലക്ഷണങ്ങളൊന്നും ഇവരില്‍ കാണാനില്ലെന്നും, മാരകമായ എന്തോ വിഷം മദ്യത്തില്‍ കലര്‍ന്നതായി സംശയിക്കുന്നതായുമാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. മൂവരും കഴിച്ച മദ്യത്തിന്റെ സാമ്പിള്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ മദ്യത്തില്‍ നിന്നും സാധാരണ വിഷപദാര്‍ത്ഥങ്ങളുടേത് പോലുള്ള മാരകഗന്ധങ്ങളൊന്നുമില്ലാത്തതും ദുരൂഹതയേറ്റുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ബുധനാഴ്ച ഉച്ചയോടെ മരിച്ച തിഗന്നായിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍വതിയാണ് തിഗന്നായിയുടെ ഭാര്യ. മക്കള്‍: വിനോദ്, ശാരദ, രാജു, പ്രമോദ്. പരേതനായ മാധവന്‍-കല്യാണി ദമ്പതികളുടെ മകനാണ് മരിച്ച പ്രസാദ്. ശ്രീജയാണ് ഭാര്യ. മക്കള്‍: ഋഷികേശ്, അദ്വൈത്. മരിച്ച പ്രമോദ് അവിവാഹിതനാണ്.

Wayanad
English summary
wayanad local news about people dies after consumes liquor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X