വയനാടിനായി നാടൊന്നാകെ കൈകോര്‍ക്കുന്നു: ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിത്തുടങ്ങി
കല്‍പ്പറ്റ: മഴക്കെടുതി അതിജീവിക്കാന്‍ പാടുപെടുന്ന വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമായി വ്യക്തികളും സംഘടനകളും. നാടിന്റെ മുക്കിലും മൂലയിലുമായി വ്യക്തികളും സംഘടനകളും കൂട്ടായ്മകള്‍ രൂപീകരിച്ചാണ് ദുരിതബാധിതര്‍ക്കായി സഹായഹസ്തമെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി കുടിവെള്ളം മുതല്‍ സാനിറ്ററി നാപ്കിന്‍ വരെയുള്ള സാധനസാമഗ്രികള്‍ കളക്ടറേറ്റിലെത്തി തുടങ്ങി.
മലയാള മനോരമ, ശ്രീ ഗോകുലം ചിറ്റ്‌സ് ആര്‍ഡ് ഫണ്ട്‌സ് വയനാട് റീജിയണ്‍, ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മില്‍മ, കല്‍പറ്റ വുഡ്‌ലാന്റ് ഹോട്ടല്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളും, സംഘടനകളും വ്യക്തികളും വിവിധതരം സാമഗ്രികള്‍ ഇനിതകം തന്നെ ലഭ്യമാക്കി. അരി, കപ്പ, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, പുതപ്പ്, കുടിവെള്ളം, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ ഇങ്ങനെ ഇതിനകം തന്നെ ശേഖരിച്ചു. ശേഖരിച്ച് തരംതിരിക്കുന്ന മുറയ്ക്ക് അവ ജില്ലയിലെ വിവിധ ക്യാമ്പുകളിലെത്തിക്കും.

വിവിധതരം പുതിയ വസ്ത്രങ്ങള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. സ്‌കൂള്‍ ബാഗുകള്‍, പഠനോപകരണങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാനിറ്ററി നാപ്കിന്‍സ്, പാത്രങ്ങള്‍, ബള്‍ബുകള്‍ തുടങ്ങിയവയാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്ന് പോലും സഹായങ്ങള്‍ ജില്ലയിലേക്കെത്തുന്നുണ്ട്.
ജില്ലാ റവന്യു വകുപ്പിന്റെ നേത്യത്വത്തില്‍ 150-ാളം ഉദ്യോഗസ്ഥരാണ് ഇവ ശേഖരിക്കാനും തരംതിരിച്ച് വിവിധ ക്യാമ്പുകളില്‍ എത്തിക്കാനും രാപ്പകല്‍ പരിശ്രമിക്കുന്നത്. സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പുകളില്‍ എത്തിക്കുന്നതിന് പകരം ജില്ലാ കളക്ടറേറ്റില്‍ എത്തിച്ചാല്‍ മതി. പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജില്ലാ ഭരണകൂടം നല്‍കിയ അറിയിപ്പുകളാണ് ഇത്തരത്തില്‍ സഹായങ്ങളെത്താന്‍ എറെ സഹായിച്ചത്. അതേസമയം, വൈത്തിരി എച്ച്.ഐ.എം യു.പി. സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പ് തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. വൈത്തിരി ലക്ഷം വീട് കോളനി, വട്ടവയല്‍, തളിമല എന്നീ പ്രദേശങ്ങളിലെ 35 കുടുംബങ്ങളില്‍ നിന്നുള്ള 127 പേരാണ് എച്ച്.ഐ.എം യുപി സ്‌കൂള്‍ ക്യാമ്പിലുള്ളത്. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി മന്ത്രിയോടൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് സമാനതകളില്ലാത്ത ദുരന്തമാണുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications