വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടുക്ക പൊട്ടിച്ച് നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഹാഷിം കളക്ടറേറ്റിലെത്തി, വയനാട്ടില്‍ ക്യാമ്പുകള്‍!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതിയില്‍ കലക്‌ട്രേറ്റിലേക്ക് സഹായമൊഴുകിയെത്തുന്നതിനിടെ ഇന്നലെ വേറിട്ടൊരു കാഴ്ചക്ക് വയനാട് സാക്ഷ്യം വഹിച്ചു. രണ്ട് വര്‍ഷത്തെ സമ്പാദ്യവുമായി ഒരു നാലാംക്ലാസ്സുകാരന്‍ ഇന്നലെ ജില്ലാകലക്ടറെ തേടിയെത്തി. ജന്മനാ കാലുകള്‍ തളര്‍ന്ന മീനങ്ങാടി ചെണ്ടക്കുനി മുഹമ്മദ് ഹാഷിമാണ് താന്‍ കാത്തുവെച്ച കുടുക്ക പൊട്ടിച്ച് ആ പണം ദുരിതാശ്വാസനിധിയില്‍ നല്‍കാനായെത്തിയത്.

വയനാടിന്റെ ദുരിതം കണ്ട് സഹിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹാഷിം തന്റെ സമ്പാദ്യം നല്‍കാന്‍ തീരുമാനിച്ചത്. വീട്ടിലെ കുടുക്കയില്‍ സൂക്ഷിച്ച 1940 രൂപയാണ് കലക്ട്രേറ്റിലെത്തി വയനാട് ജില്ലാകലക്ടര്‍ എ.ആര്‍. അജയകുമാറിന് കൈമാറിയത്. ഭിന്ന ശേഷിക്കാരനായ ഹാഷിമിന് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിവരുന്നുണ്ട്. മാധ്യമങ്ങളിലൂടെ വയനാടിന്റെ ദുരിതം കണ്ടറിഞ്ഞാണ് തന്റെ സമ്പാദ്യം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഹാഷിം മുഹമ്മദ് പറഞ്ഞു. ഹാഷിമിന്റെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാണന്നും ദുരിതബാധിതര്‍ക്ക് വേണ്ടി നന്ദിയും ജില്ലാ ഭരണകൂടത്തിന് വേണ്ടി അഭിനന്ദനവും അറിയിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു.

panamaram-

മീനങ്ങാടി ചെണ്ട കുനി പുലിക്കോട്ടില്‍ യൂസസഫലിയുടെയും ഷാഹിനയുടെയും മകനാണ്. അതേസമയം, വയനാട്ടില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം ഓരോ മണിക്കൂറുകള്‍ പിന്നിടുമ്പോഴും കൂടുകയാണ്. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 159 ക്യാംപുകള്‍ തുറന്നതായാണ് ലഭിക്കുന്ന വിവരം. ക്യാംപുകളിലുള്ളവരുടെ എണ്ണം 20,000വും കടന്നുകഴിഞ്ഞു. സഹായം കലക്‌ട്രേറ്റില്‍ കുമിഞ്ഞുകൂടുന്നുണ്ടെങ്കില്‍ പോലും ക്യാംപുകള്‍ കൂടുതല്‍ തുറക്കുന്നത് ഭക്ഷ്യക്ഷാമത്തിനിടയാക്കിയേക്കുമെന്നാണ് പറയുന്നത്.

നിലവിലെ കണക്കനുസരിച്ച് ഒരു ദിവസം മൂന്ന് ടണ്‍ അരിയും അതിനനുസരിച്ചുള്ള ഭക്ഷണസാധനങ്ങളുമാണ് കലക്‌ട്രേറ്റിലെ ആസൂത്രണഭവന്‍ ഹാളില്‍ സജ്ജമാക്കിയ ശേഖരണമുറിയില്‍ നിന്നും കൊണ്ടുപോകുന്നത്. അതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ഒമ്പത് ടണ്‍ അരിയെങ്കിലും സ്റ്റോക്ക് വേണ്ട അവസ്ഥയാണ്. അതുകൊണ്ട് ഭക്ഷ്യധാന്യവും അടിയന്തരാവശ്യങ്ങളായ ലുങ്കി, നെറ്റി, കുട്ടിക്കുപ്പായങ്ങള്‍, കമ്പിളി, അടിവസ്ത്രങ്ങള്‍ എന്നിവ എത്തിക്കണമെന്ന് ജില്ലാഭരണകൂടം അഭ്യര്‍ത്ഥിച്ചു.

mathoorvayal-1

നേരത്തെ സൗജന്യമായി വാഹനങ്ങളോടാന്‍ താല്‍പര്യമുള്ളവരെത്തണമെന്ന് ജില്ലാകലക്ടര്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇത് പ്രകാരം 75 വാഹനങ്ങള്‍ സൗജന്യമായി ഓടാന്‍ തയ്യാറായി എത്തി. ഇതും ക്യാംപുകളില്‍ ഭക്ഷ്യധാന്യമെത്തിക്കാന്‍ മതിയാവില്ല. പ്രത്യേകിച്ചും ദിവസവും ക്യാംപുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരാണ് പാക്കിംഗ് ജോലികളും മറ്റും ചെയ്യുന്നത്. അടിയന്തരമായി മറ്റ് സഹായങ്ങള്‍ കൂടിയെത്തിയാലെ വരുംദിവസങ്ങളില്‍ ക്യാംപുകളിലുള്ളവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. അതേസമയം, മഴ വീണ്ടും ശക്തിയാര്‍ജ്ജിച്ചതോടെ പനമരം പ്രദേശം മൊത്തം വെള്ളത്തിനടിയിലാണ്, മാത്തൂര്‍വയല്‍, വലിയപാലം, ചങ്ങാടം കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ വെള്ളം കയറിക്കിടക്കുകയാണ്. ബത്തേരി-മൈസൂര്‍ ദേശീയപാതയുടെ പൊന്‍കുഴി, തകരപ്പാടി ഭാഗത്തും വെള്ളമിറങ്ങാതെ നില്‍ക്കുകയാണ്. ഇപ്പോഴും വയനാട്ടില്‍ അതിശക്തമായി പെയ്യുന്ന മഴ തുടരുകയാണ്.

Wayanad
English summary
Wayanad Local News about student helps relief activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X