വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെടുതികള്‍ തളര്‍ത്തിയില്ല: തിരുനെല്ലിയിലും പൊന്‍കുഴിയിലും ബലിതര്‍പ്പണത്തിനെത്തിയത് ആയിരങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ദിനത്തില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. ഇത് ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് ഏറെ ആശ്വാസമായി. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് പാപനാശിനിക്കരയില്‍ തുടങ്ങിയ പിതൃതര്‍പ്പണം 1.30 വരെ നീണ്ടു. പതിനായിരങ്ങളാണ് പിതൃപുണ്യ സായൂജ്യം തേടിയെത്തിയത്.

പാപനാശിനിക്കരയില്‍ നടത്തിയ ബലിതര്‍പ്പണത്തിന് ശുഭു പോറ്റി, ശ്രീധരന്‍ പോറ്റി, ദാമോദരന്‍ പോറ്റി, ശ്രീകുമാരന്‍ പോറ്റി, രഞ്ജിത്ത് നമ്പൂതിരി, രാമചന്ദ്രന്‍ നമ്പൂതിരി, ഗണേശന്‍ എമ്പാന്തിരി, ഡി.കെ. അച്ചുതന്‍, കെ.എല്‍. രാമചന്ദ്രശര്‍മ, കെ.എല്‍. ശങ്കരനാരായണ ശര്‍മ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. കാട്ടിക്കുളത്ത് സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ തടയാന്‍ വാവുബലിയുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ യോഗത്തില്‍ തീരുമാനിച്ചെങ്കിലും തിരക്ക് കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ തടയേണ്ടി വന്നില്ല.

vavubali11-

ക്ഷേത്രത്തിലെത്തിയ വിശ്വാസികള്‍ക്ക് ദേവസ്വം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും സൗജന്യമായി നല്‍കി. എക്‌സി. ഓഫീസര്‍ കെ.സി. സദാനന്ദന്‍, ട്രസ്റ്റി പി.ബി. കേശവദാസ്, ക്ഷേത്രം മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സൗകര്യങ്ങളൊരുക്കിയത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു ക്ഷേത്രത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണം തുടങ്ങി. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നും, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമടക്കം ആയിരക്കണക്കിന് പേരാണ് ബലിതര്‍പ്പണത്തിനെത്തിയത്.

ക്ഷേത്ര മേല്‍ശാന്തി ഗിരീഷ് അയ്യന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുനെല്ലിക്ക് പുറമെ ജില്ലയിലെ മറ്റ് ക്ഷേത്രങ്ങളിലും ഇന്നലെ ബലിത്തര്‍പ്പണച്ചടങ്ങുകള്‍ നടന്നു. കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തിലും പതിനായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസക്യാംപില്‍ കഴിയുന്നതിനാലും ബലിതര്‍പ്പണത്തിനെത്തിയവരുടെ എണ്ണം ഇത്തവണ താരതമ്യേന കുറവായിരുന്നു.

Wayanad
English summary
Wayanad Local News about vavu bali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X