വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവദമ്പതികളുടെ കൊലപാതകം: പ്രതി അറസ്റ്റില്‍; അറസ്റ്റിലായത് കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി; കൊലപാതകം മോഷണശ്രമത്തിനിടെ

Google Oneindia Malayalam News

മാനന്തവാടി: നവദമ്പതികളെ കൊല ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍ (42) ആണ് അറസ്റ്റിലായത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ പുരിഞ്ഞിയില്‍ വാഴയില്‍ മൊയ്തുവിന്റെ മകന്‍ ഉമ്മര്‍ (27), ഭാര്യ മാനന്തവാടി ചെറ്റപ്പാലം ആറങ്ങാടന്‍ മുഹമദ് എന്ന മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (18) എന്നിവരെയാണ് 2018 ജൂലൈ ആറിന് വീട്ടിനുള്ളിലെ കിടപ്പറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്.

arrest

പ്രതി വിശ്വനാഥന്‍

മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വമിയാണ് മാനന്തവാടിയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. യാതൊരുവിധ തെളിവുകളുമില്ലാതെ കൊലനടത്തിയ പ്രതി കൊലചെയ്യപ്പെട്ട ഫാത്തിമ അണിഞ്ഞിരുന്ന ആഭരണങ്ങളുമായാണ് പ്രതി കടന്നുകളഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ; പ്രതി മോഷണം ചെയ്യണമെന്ന ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറി ബെഡ്‌റൂമില്‍ ഉറങ്ങികിടന്നിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച സമയം ഉണര്‍ന്ന ഉമ്മറിനെ കൈയ്യില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് തലക്കും, മുഖത്തും അടിച്ചുവീഴ്ത്തി.

couples

കൊലചെയ്യപ്പെട്ട ഉമ്മര്‍, ഫാത്തിമ എന്നിവര്‍

ശബ്ദം കേട്ട് എഴുന്നേറ്റ ഫാത്തിമയെയും തലക്കടിച്ചുവീഴ്ത്തിയ ശേഷം ഇരുവരുടെയും തലയില്‍ പിടിച്ചമര്‍ത്തിയ ശേഷം മരണം ഉറപ്പുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പുറത്തിറങ്ങി തെളിവ് നശിപ്പിക്കുന്നതിനായി സ്ഥലത്തും പരിസരത്തും മുളകുപൊടി വിതറി തെളിവ് നശിപ്പിച്ച് രക്ഷപ്പെട്ട് പോകുകയായിരുന്നു. ഈ സമയത്ത് കമ്പിവടി വലിച്ചെറിയുകയും ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ കുറ്റ്യാടിയിലുള്ള സേട്ടുവിന്റെ കടയില്‍ വിറ്റതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതി വിശ്വനാഥന്‍ ചൊക്ലി, കുറ്റ്യാടി, തൊട്ടില്‍പാലം എന്നീ പൊലീസ് സ്റ്റേഷനുകളില്‍ മോഷണം, സ്ത്രീപീഡനം, വിശ്വാസ വഞ്ചന എന്നീ കേസുകളില്‍ പ്രതിയായി ജെയിലില്‍ കിടന്ന വ്യക്തിയാണ്. കേസിന്റെ അന്വേഷണത്തില്‍ രണ്ട് ലക്ഷത്തിലധികം ഫോണ്‍കോളുകളും എസ് എം എസുകളും സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചിരുന്നു. കൂടാതെ കേരളാ പൊലീസിന്റെ ക്രൈംസൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ചിട്ടുള്ളതും, ശാസ്ത്രീയ, സാങ്കേതി വിദ്യകളും പരമാവധി ഉപയോഗിച്ചിട്ടുള്ളതുമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ജില്ലാപൊലീസ് മേധാവി കറുപ്പ സ്വാമി മേല്‍നോട്ടം നല്‍കുകയും, കണ്ണൂര്‍ റെയ്ഞ്ച് ഐ ജി ബല്‍റാംകുമാര്‍ ഉപാധ്യായ കേസിന്റെ അന്വേഷണപുരോഗതി യഥാസമയം വിലയിരുത്തുകയും ചെയ്തു. പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ പി കെ മണി, എം ഡി സുനില്‍, എസ് ഐ മാരായ മാത്യു, ജിതേഷ്, ബിജു ആന്റണി, എ എസ് ഐ മാരായ അബൂബക്കര്‍, സുഭാഷ് മണി, ജയന്‍ എസ് സി പി ഒ മാരായ നൗഷാദ്, ബിജു വര്‍ഗീസ്, റിയാസുദ്ദീന്‍, റെഹീം, പ്രമോദ്, സി പി ഒമാരായ ഉസ്മാന്‍, ഹക്കീം, റിയാസ്, സുമേഷ്, സുരാജ്, പ്രമോദ്, ജിതേഷ്, ജിന്‍സണ്‍, അബ്ദുറഹ്മാന്‍, അനില്‍, ഗീരീഷ്, ഡ്രൈവര്‍ രാജേഷ്, വുമന്‍ സി പി ഒ സിഡിയ, ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട് ബിജുലാല്‍, സിന്ധു, മറ്റ് യൂണിറ്റുകളിലെ കിരണ്‍, ലിബീഷ്, വിബിന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

arrst-dsply

പ്രതിയിലേക്കെത്തിയത് കൃത്യതയാര്‍ന്ന പഴുതടച്ച അന്വേഷണം

നവദമ്പതികളുടെ കൊലപാതക കേസിന്റെ ഗുരതര സ്വഭാവം മനസിലാക്കി മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘമായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ പൊലീസ് ചീഫ് ആര്‍ കറുപ്പസ്വാമി നേരിട്ട് മേല്‍നോട്ടം നടത്തുകയും കണ്ണൂര്‍ റെയ്ഞ്ച് ഐ ജി ബല്‍റാംകുമാര്‍ ഉപാധ്യായ കേസിന്റെ അന്വേഷണപുരോഗതി യഥാസമയം വിലയിരുത്തുകയും ചെയ്ത ഈ കേസിന്റെ അന്വേഷണവേളയില്‍ പൊലീസിന് പല രീതിയിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. തുടക്കം മുതല്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. നാനാഭാഗത്ത് നിന്നും ഈ കേസിനെ കുറിച്ച് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതിനാല്‍ കുടുംബപശ്ചാത്തലത്തെ കുറിച്ചും, കൂട്ടുകൃഷിയെ കുറിച്ചും മറ്റും കേരളത്തിനകത്തും, പുറത്തും അന്വേഷണം നടത്തേണ്ടതായി വന്നിട്ടുണ്ട്. രാഷ്ട്രീയ, മത, സാമൂദായിക സംഘടനകളെ കുറിച്ചും, അവരുടെ പോഷകസംഘടനകളെ കുറിച്ചും, ഗൗരവമായി അന്വേഷണം നടത്തി. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് വന്നുപോയെന്ന് സംശയിക്കുന്ന വാഹനങ്ങളെ കുറിച്ചും സംസ്ഥാനത്തെ വിവിധ ആര്‍ ടി ഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് എക്‌സ്‌പേര്‍ട്ട്, സയ്ന്റിഫിക് അസിസ്റ്റന്റ്‌സ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെയും അന്വേഷണം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മതവിശ്വാസത്തെ കുറിച്ചും, അതിനെ ചോദ്യം ചെയ്ത എതിര്‍ ടീമിനെ കുറിച്ചും വ്യക്തമായ അന്വേഷണം നടത്തിയിരുന്നതായും പൊലീസ് നല്‍കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവസ്ഥലത്തും ജില്ലയിലും, സംസ്ഥാനത്ത് പലയിടത്തും താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചും വിശദമായ അന്വേഷണം നടത്തിയിരുന്നു. സംശയം തോന്നിയ വ്യക്തികളുടെ ഫിംഗര്‍പ്രിന്റ്, ഫൂട്ട്പ്രിന്റ് എന്നിവയെടുത്തും വ്യക്തമായ അന്വേഷണം നടത്തിയിരുന്നു. ഏകദേശം 230-ഓളം തൊഴിലാളികളുടെ പ്രിന്റുകളെടുത്തും പരിശോധന നടത്തി. കൂടാതെ തദ്ദേശീയരായ 60 വയസിന് താഴെയുള്ളവരുടെ ഫിംഗര്‍പ്രിന്റ്, ഫൂട്ട് പ്രിന്റ് എന്നിവയെടുത്തും പരിശോധന നടത്തി. വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രധാനകവലകളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്‌സുകളും സ്ഥാപിച്ചിരുന്നു. സംഭവസ്ഥലത്തും പരിസരത്തുമുള്ള കിണറുകള്‍ വറ്റിച്ചും കിണറുകളിലെ കാടുകള്‍ വെട്ടിയും അന്വേഷണം നടത്തി. രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി ആളുമാറി ചെയ്ത കൊലപാതകമാണോയെന്നും, ക്വട്ടേഷന്‍ മൂലമുള്ള കൊലപാതകമാണോയെന്നും തീവ്രവാദ സംഘടനകളുടെ പകപോക്കലാണോയെന്ന് വരെ അന്വേഷണം നടത്തിയിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലുള്ള മോഷണം, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ചിട്ടുള്ളതും, സെന്‍ട്രല്‍ ജെയില്‍, ജില്ലാജെയില്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ കുറ്റവാളികള്‍, കഞ്ചാവ് കച്ചവടക്കാര്‍ എന്നിവരെ കുറിച്ചും, വയനാട്, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ കുടക്, മൈസൂര്‍, നീലഗിരി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള മുന്‍ കുറ്റവാളികളെ കുറിച്ചും, ജയിലില്‍ നിന്നും പുറത്തിറങ്ങിയവരെ കുറിച്ചും വരെ വിശദമായ അന്വേഷണം നടത്തിയിരുന്നു. അന്വേഷണ മധ്യേ മുന്‍ കുറ്റവാളികളെ നിരീക്ഷണവിധേയരാക്കി വരികെയാണ് പ്രതിയായ തൊട്ടില്‍പാലം കാവിലുംപാറ വിശ്വനാഥനില്‍ അന്വേഷണമെത്തുന്നത്. മേല്‍ പറഞ്ഞ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ആളെന്ന നിലയില്‍ ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും, ബാധ്യതകളെ കുറിച്ചും മറ്റിടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തിയതില്‍ സംഭവശേഷം പ്രതിയായ വിശ്വനാഥന്‍ സാമ്പത്തിക ബാധ്യത തീര്‍ത്തയായി മനസിലാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ വിശ്വനാഥനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് അടക്കമുള്ള പരിശോധന നടത്തി അന്വേഷണം തുടരുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ ഇയാള്‍ സ്ഥലത്ത് നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ വിശ്വനാഥന്‍ വാഹനത്തില്‍ ലോട്ടറികച്ചവടം നടത്തിയിരുന്നുവെന്നും, വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും വെള്ളമുണ്ട, മാനന്തവാടി എന്നിവിടങ്ങളില്‍ നല്ല പരിചയമുള്ളയാളായിരുന്നുവെന്നും തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെയുള്ള മറ്റ് കേസുകളടക്കം പരിശോധ വിധേയമാക്കി പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് മോഷണത്തിനായാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് മനസിലാക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.

നവദമ്പതികളുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് സൂചന; അറസ്റ്റ് ഉടന്‍ നവദമ്പതികളുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് സൂചന; അറസ്റ്റ് ഉടന്‍

Wayanad
English summary
Wayanad Local News:couples murder-kozhikode native culprit arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X