കൂടെയുണ്ട് മൂപ്പൈനാട് പദ്ധതി; ശുഹൈബിന്റെ ഓര്‍മ്മയില്‍ ബ്ലോക്ക് പഞ്ചായത്തംഗം രൂപം നല്‍കിയ പദ്ധതി ശ്രദ്ധേയമാവുന്നു
കല്‍പ്പറ്റ: സഹപ്രവര്‍ത്തകന്റെ ഓര്‍മ്മയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗവും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമായ ജഷീര്‍ പള്ളിവയല്‍ തന്റെ ഡിവിഷനില്‍ കൂടെയുണ്ട് മൂപ്പൈനാട് എന്ന പേരില്‍ ആവിഷ്‌ക്കരിച്ച പദ്ധതി പുരോഗമിക്കുന്നു. വിവിധ പരിപാടികളില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ശുഹൈബിന്റെ ഒരിക്കലും മായാത്ത സ്മരണയാണ് ജഷീറിനെ ഇത്തരമൊരു പദ്ധതിയിലേക്കെത്തിക്കുന്നത്.
ഏതാനം മാസങ്ങള്‍ മുമ്പാണ് കെ എസ് യു മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി കൂടിയായ ശുഹൈബ് സി പി എം അക്രമത്തില്‍ കൊല്ലപ്പെടുന്നത്. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം നിലവിലിരിക്കെ പ്രതിഷേധ പരിപാടികളുമായ് കോണ്‍ഗ്രസ് നേതൃത്വം മുന്‍പോട്ട് പോകുമ്പോഴാണ് പ്രിയ സുഹൃത്തിന്റെ സ്മരണയില്‍ കൂടെയുണ്ട് മൂപ്പൈനാട് പദ്ധതിയുടെ രണ്ടാം ഘട്ടം ശുഹൈബ് പഠന സഹായ പദ്ധതി എന്ന പേരില്‍ നടപ്പിലാക്കുന്നത്.

മുപ്പൈനാട് ഡിവിഷനിലെ ഒന്‍പത് വാര്‍ഡുകളിലായി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന രണ്ടാം ഘട്ട പദ്ധതിയാണ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. വാര്‍ഡുകളിലെ 150ല്‍ പരം നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി പഠനോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി മൂപ്പൈനാട് പ്രദേശവാസികള്‍ക്കും വേറിട്ടതായി.
ഒരാഴ്ചക്കാലം കൊണ്ട് 150 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായമെത്തിക്കാന്‍ സാധിച്ചുവെന്നതാണ് പദ്ധതിയുടെ നേട്ടം. മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും ശുഹൈബ് നടത്തി വന്ന കാരുണ്യ പ്രവര്‍ത്തങ്ങളാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നയിച്ചതെന്ന് ജഷീര്‍ പറയുന്നു. ശുഹൈബുമായുള്ള സൗഹൃദം ആരംഭിക്കുന്നത് കെ എസ് യു സംഘടനാ അംഗത്വ വിതരണവുമായ് ബന്ധപ്പെട്ടായിരുന്നു.
പിന്നീട് ശുഹൈബ് മരിക്കുന്നത് വരെ ആ സൗഹൃദം തുടര്‍ന്നുപോന്നു. പദ്ധതിയിലേക്ക് ഇതിനകം തന്നെ നിരവധി പ്രവാസി സുഹൃത്തുക്കള്‍ സഹായവുമായെത്തി. ഇതിന്റെ ഭാഗമായി തന്നെ എസ് എസ് എല്‍ സി പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ശുഹൈബ് മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണവും നടത്തും. കൂടെയുണ്ട് മുപ്പൈനാട് പദ്ധതിയുടെ മൂന്നാം ഘട്ടം തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായ് വിനിയോഗിക്കുമെന്നും ജഷീര്‍ പറയുന്നു.












Click it and Unblock the Notifications