മഴക്കെടുതി: ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ നേതൃത്വം നല്‍കുന്നു; ഒരു വാര്‍ഡില്‍ അമ്പത് പേരടങ്ങുന്ന സംഘം
കല്‍പ്പറ്റ: മഴക്കെടുതിക്ക് ശേഷമുള്ള വയനാട്ടിലെ രോഗ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ശുചീകരണത്തിനും കുടുംബശ്രീ നേതൃത്വം നല്‍കുന്നു. കഴിഞ്ഞ ദിവസം ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ശുചിത്വമിഷനും ഹരിത കേരള മിഷനും നടത്തുന്ന പരിപാടികള്‍ക്ക് പ്രാദേശികതലത്തില്‍ കുടുംബശ്രീ നേതൃത്വം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ സജീവമായിട്ടുള്ളത്. ബോധവത്ക്കരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സി ഡി എസുകളില്‍ നിന്നും ഒരു റിസോഴ്‌സ് പേഴ്‌സണ് ഇതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ എല്ലാ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലും ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും.

അതാത് സി.ഡി.എസ്സുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലെയും പ്രസിഡന്റ്/ സെക്രട്ടറിക്കാണ് പരിശീലനം നല്‍കുക. മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. പരിശീലനം ലഭിച്ചവര്‍ തോട്ടടുത്ത അയല്‍ക്കൂട്ട യോഗത്തില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അംഗങ്ങള്‍ക്ക് പകര്‍ന്ന് നല്‍കണം. ജില്ലയില്‍ 9250 അയല്‍ക്കൂട്ടങ്ങളിലായി 1.27 ലക്ഷം അംഗങ്ങളാണുള്ളത്.
പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന് സി.ഡി.എസ്സുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ 50 കുടുംബശ്രീ അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. പല സ്ഥലങ്ങളിലും ഇതിനകം തന്നെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളും ക്യാമ്പുകളും ശുചീകരിക്കുന്നതിന് തുടക്കമിട്ടുകഴിഞ്ഞു. ഹരിത കര്‍മ്മസേനയുടെയും സി.ഡി.എസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നിലവില്‍ കുടുംബശ്രീ നടത്തി വരുന്ന ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി നടന്ന് വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ പ്രവര്‍ത്തനങ്ങള്‍. ഇതിന് പുറമെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സംസ്ഥാന തലത്തില്‍ സ്വരൂപിക്കുന്ന തുകയിലേക്കുള്ള ജില്ലയുടെ വിഹിതം ഉടന്‍ കൈമാറും. കല്‍പ്പറ്റ നഗരസഭയിലുള്‍പ്പെടെ ചില സി.ഡി.എസ് ഓഫീസുകളില്‍ തന്നെ വെള്ളം കയറിയത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇവ സംബന്ധിച്ച പൂര്‍ണ്ണമായ കണക്ക് ശേഖരിച്ച് സംസ്ഥാന മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications