മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് നഷ്ടമായി; വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം പാസായി
മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. വൈസ് പ്രസിഡന്റ് ശ്രീജാ സെബാസ്റ്റ്യനെതിരെയാണ് യു ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഒമ്പതിനെതിരെ 10 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. ഇന്ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ നടന്ന അവിശ്വാസ പ്രമേയചര്‍ച്ചയില്‍ സി കെ ബാലകൃഷ്ണന്‍, എം പി ഫൈസല്‍, സുന്ദര്‍രാജ് എടപ്പെട്ടി എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.
എല്‍ ഡി എഫ് അംഗങ്ങളായ എ പി അഹമ്മദ്, ഭരതന്‍, ശ്രീജാ സെബാസ്റ്റ്യന്‍, ഫസീന തുടങ്ങിയവര്‍ എതിര്‍ത്തും സംസാരിച്ചു. അവിശ്വാസപ്രമേയം പാസായതോടെ കഴിഞ്ഞ രണ്ടരവര്‍ഷമായി എല്‍ ഡി എഫ് ഭരിച്ചിരുന്ന മുട്ടില്‍ പഞ്ചായത്ത് ഭരണം അവര്‍ക്ക് നഷ്ടമായി. കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ ഭരണത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും കൊണ്ടുവരാത്ത വൈസ് പ്രസിഡന്റിന്റെ കാര്യക്ഷമതക്കുറവും, ബോര്‍ഡ് മീറ്റിംഗില്‍ പോലും കാണിക്കുന്ന വിശ്വാസ്യത കുറവും മുന്‍നിര്‍ത്തിയാണ് യു ഡി എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

അവിശ്വാസപ്രമേയം പാസായതില്‍ സന്തോഷം പ്രകടിപ്പിച്ചും, അനുകൂലിച്ച് വോട്ട് ചെയ്ത യു ഡി എഫ് അംഗങ്ങളെ അനുമോദിച്ചും നടന്ന പൊതുയോഗത്തില്‍ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി അംഗങ്ങളായ എന്‍ ഡി അപ്പച്ചന്‍, പി പി ആലി, മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ കെ റഷീദ്, വടകര മുഹമ്മദ്, ലത്തീഫ് എ, ജോയി തൊട്ടിത്തറ, നജീം കരണി, ഇബ്രാഹിം കെ എം , ഉഷാതമ്പി, റുഖിയ ടീച്ചര്‍, കാദര്‍ മടക്കിമല, മോഹന്‍ദാസ് കോട്ടക്കൊല്ലി, നജീം എ എം എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് എം എ ദേവസ്യ, സീമ, ചന്ദ്രിക, കെ പത്മനാഭന്‍, ഉസ്മാന്‍കോയ ദാരിമി, എന്‍ കെ ആലി, സക്കീര്‍, ഹൈദ്രു, ഭവിത, ആയിഷാബി, നദീറ, നജീം മാണ്ടാട്, ഷെബീര്‍ കെ ടി എന്നിവര്‍ നേതൃത്വം നല്‍കി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ എം നജീം കഴിഞ്ഞദിവസം രാജി വെച്ചിരുന്നു.












Click it and Unblock the Notifications