വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത സ്വപ്നം അവസാനിക്കുന്നു; സർക്കാരിനെതിരെ പ്രതിഷേധം ശക്തം!

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയെന്ന വയനാട്ടുകാരുടെ സ്വപ്നം അവസാനിക്കുന്നു. പദ്ധതി സര്‍വ്വെ ഏറ്റെടുത്ത ഡി.എം.ആര്‍.സിയെ പുറത്താക്കിയ സര്‍ക്കാര്‍ രേഖകള്‍ പുറത്തായി. 2018 ജൂണ്‍ 11ന് കര്‍ണ്ണാടക സര്‍ക്കാര്‍ അയച്ച കത്തുപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിക്കൊണ്ടും ഡി.എം.ആര്‍.സിയെ പദ്ധതിയില്‍നിന്നും പുറത്താക്കിക്കൊണ്ടുമാണ് കേരളസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷന്‍കമ്മിറ്റി. 2017 നവംബര്‍ മാസം എട്ടിന് കര്‍ണ്ണാടക സര്‍ക്കാര്‍, വനത്തില്‍ ടണലിലൂടെ കടന്നുപോകുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വ്വേക്ക് അപേക്ഷിക്കുന്നതിന് കര്‍ണാടകക്ക് സമ്മതമാണെന്നും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ കര്‍ണാടക നല്‍കാമെന്നും അതിനായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചുകൊണ്ട് കേരള സര്‍ക്കാറിന് കത്തയച്ചു.

Railway

സര്‍വ്വേ നടത്താന്‍ കേരളസര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും റയില്‍വേ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്ത ഏജന്‍സിയായ ഡി.എം.ആര്‍.സി മുഖേനയാണ് അപേക്ഷ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ 7 മാസത്തോളം ഈ കത്ത് കേരളസര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. പിന്നീട് ഇത് വിവാദമായപ്പോഴാണ് ജൂണ്‍ 11ന് ഉത്തരവ് പുറപ്പെടുവിച്ച് ഡി എം ആര്‍ സിയെ പുറത്താക്കിയതായി അറിയിച്ചിരിക്കുന്നത്.

സര്‍വ്വേക്ക് കര്‍ണ്ണാടകയുടെ അനുമതി ലിക്കാത്തതിനാലാണ് ഡി.പി.ആര്‍ നടത്താന്‍ അനുവദിച്ച ഫണ്ട് ഡി.എം.ആര്‍.സിക്ക് നല്‍കാത്തത് എന്നായിരുന്നു കേരളസര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഡി.എം.ആര്‍.സിയെ ഡി.പി.ആറും അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് 2018 ജൂണ്‍ 24ന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഒരു വര്‍ഷം കൊണ്ട് ഡി.പി.ആര്‍ പൂര്‍ത്തിയാക്കി കേവലം അഞ്ച് വര്‍ഷം കൊണ്ട് പാതയുടെ പണി പൂര്‍ത്തിയാക്കാമെന്ന് ഡി എം ആര്‍ സി ഡയറക്ടര്‍ ഇ.ശ്രീധരന്‍ ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ ഡി.എം.ആര്‍.സിക്ക് ആദ്യഗഡുവായ രണ്ട് കോടി രൂപ നല്‍കാതെ എട്ടു മാസത്തോളം കേരള സര്‍ക്കാര്‍ പദ്ധതി വൈകിപ്പിച്ചു. ക്രമേണ ഡി എം ആര്‍ സിയെ പുറത്താക്കുകയും ചെയ്തു. യാതൊരു അനുമതിയും വാങ്ങാതെ തലശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടിയുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ ഇതിനകം കൊങ്കണ്‍ റയില്‍വേയെ ഏല്‍പ്പിച്ചിട്ടുമുണ്ട്. റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഇതുവരെയും ഒരു റയില്‍പാതയുടേയും ഡി.പി.ആര്‍ തയ്യാറാക്കിയ പരിചയസമ്പത്തില്ല.

ഡി.പി.ആര്‍ തയ്യാറാക്കാന്‍ റയില്‍വേ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള ഏജന്‍സികളിലും റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയില്‍ സംശയം ജനിപ്പിക്കുന്നത്. റെയില്‍വെ അട്ടിമറിക്കെതിരെ ശക്തമായ പ്രതിഷേധം ബഹുജനങ്ങളില്‍നിന്നും രാഷ്ട്രീയ-സാമൂഹ്യ-മത സംഘടനകളില്‍നിന്നും ഉയര്‍ന്നുവരണമെന്നും ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഡി.പി.ആര്‍ തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തി രണ്ട് വര്‍ഷം തികയുന്ന ജൂണ്‍ 24 ന് വഞ്ചനാദിനമായി ആചരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about nanjangod railway line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X