വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവർഷ കെടുതി; അതിജീവിക്കാനാകാതെ കോട്ടത്തറ, ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ''വാഴയും, ഇഞ്ചിയും കപ്പയും, നെല്ലുമെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഓണവിപണി ലക്ഷ്യമിട്ടുണ്ടാക്കിയ പച്ചക്കറികളും നശിച്ചു.'' ഇത് കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ അവസ്ഥയാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ കാലവര്‍ഷക്കെടുതിയുടെ ദുരിതം പേറുകയാണ് കോട്ടത്തറ നിവാസികള്‍.

കര്‍ഷകരും, ആദിവാസികളും, കര്‍ഷക തൊഴിലാളികളുമെല്ലാം മഴക്കെടുതി സമ്മാനിച്ച കഷ്ടനഷ്ടങ്ങള്‍ ഒരു പോലെ ഏറ്റുവാങ്ങുകയാണ്. കലിതുള്ളിയെത്തിയ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മാത്രമുണ്ടായത് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 300-ഓളം ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ തുടരുകയാണ്.

Kottathara

പഞ്ചായത്തില്‍ വെണ്ണിയോട് എസ് എ എല്‍ പി എസ്, കോട്ടത്തറ ജി.എച്ച്.എസ.എസ്, ഇ.കെ. നായനാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍, വലിയകുന്ന് കമ്മ്യൂണിറ്റി ഹാള്‍, കരിങ്കുറ്റി ജി.എച്ച്.എസ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. കൊളക്കി മൊട്ടംകുന്ന്, മൊട്ടംകുന്ന്, വൈശ്യന്‍, പൊയില്‍, കൊളവയല്‍ കോളനികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഇവരെ ദുരിതാശ്വാസക്യാംപിലേക്ക് മാറ്റിയത്. വെള്ളംകയറിയ പ്രദേശങ്ങളിലെ ജനറല്‍ വിഭാഗത്തിലുള്ളവരില്‍ ബന്ധുവീടുകളിലും മറ്റും കഴിഞ്ഞുകൂടുകയാണ്.

കോട്ടത്തറയില്‍ വെള്ളപ്പൊക്കം രൂക്ഷമാവാനുള്ള പ്രധാന കാരണം അവിടുത്തെ ഭൂപ്രകൃതിയാണ്. വെണ്ണിയോട് വലിയപുഴയ്ക്കും ചെറുപുഴയ്ക്കും നടുവിലാണ് കോട്ടത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മങ്ങോടുകുന്ന്, വലിയകുന്ന്, പുതിയിടത്തുകുന്ന്, ചേലാക്കുഴിക്കുന്ന്, പുതുശേരിക്കുന്ന് എന്നീ കുന്നുകളും ഇവയ്ക്കുതാഴെയുള്ള പാടങ്ങളും ഉള്‍പ്പെടുന്നതാണ് പഞ്ചായത്തിലെ ഭൂപ്രദേശം. 13 വാര്‍ഡുകളുള്ള പഞ്ചായത്തുകളിലെ വയലുകളെല്ലാം തന്നെ വെള്ളത്തിനടിയിലാണ്. കുന്നുകളെ വെള്ളം ചുറ്റി തടാകം പോലെ കിടക്കുകയാണിപ്പോള്‍.

പടിഞ്ഞാറത്തറ പഞ്ചായത്ത് പരിധിയിലെ കുറുമണി മുതല്‍ കരിങ്കുറ്റി വരെ വെള്ളം കയറികിടക്കുന്നുണ്ട്. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വിരലിലെണ്ണാവുന്നതൊഴിച്ച് ഇപ്പോഴും വെള്ളത്തിലാണ്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും വാഴകൃഷി ചെയ്തവരെയും കനത്തമഴ സാരമായി ബാധിച്ചു. കുലച്ച വാഴകള്‍ മൂപ്പെത്തും മുമ്പെ വെട്ടി വിറ്റവരുമുണ്ട്. മഴക്കാലത്ത് കിലോയ്ക്ക് 10 രൂപയാണ് ഇതുവരെ വരെ നേന്ത്രക്കായ്ക്ക് കുറഞ്ഞത്. പണം വായ്പക്കെടുത്തും പണയും വെച്ചും വാഴകൃഷി ചെയ്ത കര്‍ഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. കൃഷിനശിച്ചവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന ആവശ്യവുമായി അധികാരികളെ സമീപിക്കാനിരിക്കുകയാണ് കോട്ടത്തറ നിവാസികള്‍.

Wayanad
English summary
Wayanad Local News about natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X