വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അംഗീകാരങ്ങളുടെ നിറവില്‍ യുവകര്‍ഷകന്‍: സാബുവിന്റെ നഴ്‌സറിയിലെ നാടന്‍ കുരുമുളക് തൈകള്‍ക്ക് പ്രചാരമേറി

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: കുടകില്‍ നിന്നുമെത്തുന്ന കുരുമുളക് തൈകള്‍ക്ക് രോഗബാധയേറിയതോടെ വയനാട്ടില്‍ നാടന്‍ തൈകള്‍ക്ക് പ്രചാരമേറുന്നു. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കാര്‍ഷികപുരസ്‌ക്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ യുവകര്‍ഷകന്‍ പാടിച്ചിറ മരോട്ടിമൂട്ടില്‍ സാബുവിന്റെ നഴ്‌സറിയാണ് അത്യുല്പാദന ശേഷിയുള്ള കുരുമുളക് തൈകള്‍ക്കായി കര്‍ഷകര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്.

സാബുവിന്റെ വീട്ടുവളപ്പില്‍ 20 വര്‍ഷമായി സജീവമായ നഴ്‌സറി തേടി ഇന്ന് കര്‍ഷകരുടെ ഒഴുക്കാണ്. അതിന്റെ പ്രധാന കാരണം നല്ലയിനം കുരുമുളക് തൈകള്‍ ജില്ലയില്‍ ലഭിക്കുന്നില്ലെന്നതാണ്. വയനാട്ടില്‍ കുരുമുളക് വള്ളികളെത്തിയിരുന്നത് കര്‍ണാടകയിലെ കുടകില്‍ നിന്നുമായിരുന്നു. പലപ്പോഴും രോഗം പിടിച്ചതാണെന്നോ, വാടിയതാണന്നോ അറിയാതെ കര്‍ഷകര്‍ വന്‍ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥ. വളരെ പ്രയാസപ്പെട്ട് കൃഷിയിടത്തില്‍ നട്ടുകഴിയുമ്പോഴായിരിക്കും ഇത്തരം തൈകളുടെ പോരായ്മകള്‍ തിരിച്ചറിയുക. ഇതിനെല്ലാം പരിഹാരമാണ് സാബുവിന്റെ കുരുമുളക് നഴ്‌സറി.

sabuinnursery

കരിമുണ്ട, വെള്ളക്കരിമുണ്ട, അര്‍ക്കളമുണ്ടി, കുരിയിലമുണ്ടി, പഞ്ചമി, പന്നിയൂര്‍ വണ്‍, വയനാടന്‍ ഇങ്ങനെ പോകുന്നു സാബുവിന്റെ കുരുമുളക് നഴ്‌സറിയിലെ ഇനങ്ങള്‍. ഇതിനെല്ലാം പുറമെ മുന്തിരിക്കുല പോലെ ഒരു കണ്ണിയില്‍ നിന്നും തലങ്ങും വിലങ്ങും കായ്ക്കുന്ന തെക്കന്‍ എന്ന ഇനവും ഈ നഴ്‌സറിയിലുണ്ട്. ഏറ്റവും പ്രതിരോധശേഷിയുള്ള തൈകളാണ് ഇവിടെ വളര്‍ത്തിയെടുക്കുന്നത്. നട്ട് മൂന്നാം വര്‍ഷം വിളവ് തരുന്നതാണ് ഇതില്‍ ഭൂരിഭാഗം ഇനങ്ങളും. നഗരങ്ങളിലും ഫ്‌ളാറ്റുകളിലും വളര്‍ത്തുന്നതിനായി ചെടിച്ചട്ടികളില്‍ നട്ടുവളര്‍ത്തിയ സീസണില്ലാതെ പറിക്കാന്‍ കഴിയുന്ന കുറ്റികുരുമുളകും സാബുവിന്റെ നഴ്‌സറിയിലുണ്ട്.

കാര്‍ഷിക വൃത്തിയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച സാബുവിന്റെ ജീവിതവും ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങി ഡോക്യുമെന്ററികളും ഷോര്‍ട്ട്ഫിലിമുകളും ചെയ്തായിരുന്നു തുടക്കം. എന്നാല്‍ അതൊന്നും ജീവിക്കാന്‍ പര്യാപ്തമല്ലെന്ന് തിരിച്ചറിഞ്ഞതില്‍ തുടങ്ങിയതാണ് കാര്‍ഷികവൃത്തി. ആദ്യമെല്ലാം നിരാശയായിരുന്നു ഫലം. എന്നാല്‍ വീണ്ടും വീണ്ടും കുടിയേറ്റമേഖലയുടെ മണ്ണിനെ വിശ്വസിച്ച് കൃഷിയിടത്തില്‍ തന്നെ ചിലവഴിച്ചു. ഒടുവില്‍ സ്വപ്നം കണ്ടത് പോലെ വിജയത്തിലേക്ക്.

പുല്‍പ്പള്ളി മേഖലയില്‍ വ്യാപകമായി കൃഷിനാശം വന്നപ്പോഴും സാബുവിന്റെ കുരുമുളക് തോട്ടം മാത്രം സമൃദ്ധമായി നിന്നു. കുരുമുളക് മെതിയെന്ത്രം സ്വന്തമായി വികസിപ്പിച്ചെടുക്കാനും ഈ യുവകര്‍ഷകന് സാധിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ന് സ്‌പൈസസ് ബോര്‍ഡിന്റെയും കൃഷിവകുപ്പിന്റെയും സബ്‌സിഡിയോട് കൂടിയാണ് ഈ യന്ത്രം സാബുവില്‍ നിന്നും ആളുകള്‍ വാങ്ങുന്നത്. കൃഷിവകുപ്പ് ഈ യന്ത്രത്തിന് നിലവില്‍ 50 ശതമാനം സബ്‌സിഡിയും നല്‍കുന്നുണ്ട്.

കുരുമുളക് പറിക്കുന്നതിനായി സാബു വികസിപ്പിച്ചെടുത്ത ഏണി ഇന്ന് ജില്ലയിലെങ്ങും വ്യാപകമായി കഴിഞ്ഞു. മൂന്നാവര്‍ഷം വിളവ് തരുന്ന കുള്ളന്‍ കമുകും സാബുവിന്റെ നഴ്‌സറിയില്‍ വില്‍പ്പനക്ക് സജ്ജമായി കഴിഞ്ഞു. പൂര്‍ണ വളര്‍ച്ചയെത്തും മുമ്പ് തന്നെ വിളവ് നല്‍കുന്ന ഈ അത്യപൂര്‍വയിനം തേടിയും ആളുകള്‍ സാബുവിനെ തേടിയെത്തുന്നുണ്ട്. 25ാം വയസ് മുതല്‍ കാര്‍ഷികവൃത്തിയില്‍ ജീവിതോപാധി കണ്ടെത്തിയ സാബുവിന് സഹായിയായി ഭാര്യ ബിന്ദുവും കൂടെയുണ്ട്. അഭിനവ്, അനുഗ്രഹ്, ആരാധ്യ എന്നിവരാണ് മക്കള്‍.

പാടിച്ചിറ മരോട്ടിമൂട്ടില്‍ സാബു നഴ്‌സറിയില്‍

Wayanad
English summary
wayanad local news pepper nursery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X