രാഹുല്‍ഗാന്ധി വന്നില്ല; നിരാശരായി കോട്ടത്തറ നിവാസികള്‍
കോട്ടത്തറ: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം പിയെ കാത്തിരുന്ന വയനാട്ടുകാരും കോട്ടത്തറ നിവാസികളും നിരാശരായി. മോശം കാലാവസ്ഥയെ തുറന്ന് രാഹുല്‍ വയനാട് സന്ദര്‍ശനം റദ്ദ് ചെയ്ത് ഇടുക്കിയിലേക്ക് പോയതോടെയാണ് കാത്തിരുന്ന പ്രദേശവാസികള്‍ നിരാശരായത്. രാവിലെ എട്ട് മണിയോട് കൂടി തന്നെ പ്രദേശത്ത് ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. കനത്ത പൊലീസ് സുരക്ഷയും പ്രദേശത്ത് ശക്തമാക്കിയതോടെ രാഹുല്‍ വരുമെന്ന് തന്നെയായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ.

രാഹുല്‍ഗാന്ധി എത്തില്ലെന്നറിഞ്ഞിട്ടും പിരിഞ്ഞുപോകാത്ത കോട്ടത്തറ ടൗണിലെ ആളുകള്‍
എന്നാല്‍ രാവിലെ ഒമ്പതരയോടെ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം റദ്ദ് ചെയ്തുവെന്ന വാര്‍ത്തയെത്തുകയായിരുന്നു. പള്ളിക്കുന്നില്‍ ഹെലികോപ്റ്ററിറങ്ങി റോഡ് മാര്‍ഗം കോട്ടത്തറ ടൗണ്‍, പിന്നീട് വെണ്ണിയോട് കൊളവയല്‍ കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു രാഹുല്‍ പദ്ധതിയിട്ടിരുന്നത്. ഈ മൂന്നിടത്തും പൊലീസ് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. രാഹുല്‍ വരില്ലെന്ന വാര്‍ത്തകേട്ടെങ്കിലും ആളുകള്‍ പ്രദേശം വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല. വെണ്ണിയോട് കൊളവയല്‍ കോളനിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു അവരും കാത്തിരുന്നത്. പുതുവസ്ത്രങ്ങണിഞ്ഞ് മഴക്കെടുതിയുടെ നൊമ്പരം മറന്ന് ആഹ്ലാദത്തോടെയായിരുന്നു അവര്‍ രാഹുലിനെ കാത്തുനിന്നിരുന്നത്.

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വെണ്ണിയോട് ജനങ്ങളുമായി സംസാരിക്കുന്നു
സുരക്ഷക്കെത്തിയ എസ്.പി.ജി.യും പൊലീസും മടങ്ങിയിട്ടും കോട്ടത്തറയില്‍ നിന്നും ആളുകള്‍ മടങ്ങിയില്ല. കേരളത്തിനകത്തും പുറത്തുമുള്ള വന്‍ മാധ്യമപ്പടയാണ് കോട്ടത്തറയില്‍ അതിരാവിലെ തന്നെ എത്തിയത്. പ്രളയം തകര്‍ത്തെറിഞ്ഞ കോട്ടത്തറയില്‍ അങ്ങാടിയുടെ ഭൂരിഭാഗം ഭാഗങ്ങളിലും ഇപ്പോഴും ആ തകര്‍ച്ചയുടെ അവശിഷ്ടങ്ങള്‍ കാണാം. പെട്ടിക്കടകളും തൂണുകളും ബസ്റ്റോപ്പുകളുമെല്ലാം നിലംപൊത്തി കിടക്കുകയാണ്. കോട്ടത്തറ അങ്ങാടിയിലേക്കുള്ള യാത്രക്കിടയില്‍ ഇരുഭാഗത്തും നിലംപൊത്തിക്കിടക്കുന്ന ഹെക്ടര്‍ കണക്കിന് വാഴത്തോട്ടങ്ങളും, മറ്റ് കൃഷിയിടങ്ങളും കാണാം. വെണ്ണിയോട് വലിയ, ചെറിയ പുഴകള്‍ കരകവിഞ്ഞൊഴുകി ഒരു ഗ്രാമത്തെ മുഴുവന്‍ വെള്ളത്തിനടിയിലാക്കിയിരുന്നു. അതേസമയം, രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം റദ്ദാക്കിയെന്നറിഞ്ഞതിന് ശേഷം ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കോട്ടത്തറയിലും പിന്നീട് വെണ്ണിയോടുമെത്തി. വയനാട്ടില്‍ മറ്റൊരു ദിവസം രാഹുല്‍ഗാന്ധി എത്തുമെന്നും നാളെ നടക്കുന്ന കെ പി സി സി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications