വയനാട്: കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു, മരശിഖരം തലക്കടിച്ച് തൊഴിലാളി മരിച്ചു
പുല്‍പ്പള്ളി/മാനന്തവാടി: പുല്‍പ്പള്ളി പാടിച്ചിറയിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ നിന്നും മരം മുറിക്കുന്നതിനിടെ ശിഖരം തലക്കടിച്ച് തൊഴിലാളി മരിച്ചു. പുല്‍പ്പള്ളി കാപ്പിസെറ്റ് മുതലിമാരന്‍ കോളനിയിലെ ബിജു (36) വാണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. മരം വെട്ടുന്നതിനിടെ മുറിച്ചിട്ട ശിഖരം മറ്റൊരു മരത്തില്‍ തട്ടി ബിജുവിന്റെ തലയിലടിച്ചാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ ആദ്യം പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ വഴിമധ്യേ വെച്ച് ബിജു മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. റീനയാണ് ഭാര്യ. അഖില്‍, അഖേഷ്, അഖില എന്നിവര്‍ മക്കളാണ്.

മാനന്തവാടി ടൗണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മാനന്തവാട തവിഞ്ഞാല്‍ വെണ്‍മണി പെരിയിലക്കാട്ടില്‍ പ്രകാശന്റെ മകള്‍ പി ടി അഖില്‍ (19)ആണ് മരിച്ചത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജ് പരിസരത്തെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണാണ് അഖിലിന് ഗുരുതരമായി പരിക്കേറ്റത്. അഖിലിനെ ആദ്യം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് ശനിയാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. സിന്ധുവാണ് അഖിന്റെ മാതാവ്. ആതിരയാണ് സഹോദരി. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു.












Click it and Unblock the Notifications