മഴക്കെടുതി: ജില്ലയെ പുനര്‍നിര്‍മ്മിക്കാന്‍ 'വീ ഫോര്‍ വയനാട്; ശുചീകരണത്തിന് ക്ലീന്‍ വയനാട് പദ്ധതി
കല്‍പ്പറ്റ: വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ വീ ഫോര്‍ വയനാട് പദ്ധതിയുമായി ജില്ലാഭരണകൂടം. പദ്ധതിയുടെ ഭാഗമായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കലക്‌ട്രേറ്റ് കോമ്പൗണ്ടിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നാശനഷ്ടമുണ്ടായ വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാനും ജീവനോപാധികള്‍ പ്രവര്‍ത്തന സജ്ജമാക്കാനും പുനരധിവാസത്തിനുമായി പ്രയത്‌നവും പണവും സാധന സാമഗ്രികളും നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സമിതിയുമായി സഹകരിക്കാം. പ്രവര്‍ത്തനങ്ങള്‍ സുഗമമാ ക്കുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി വകുപ്പുതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഈ കമ്മിറ്റി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സഹായ സന്നദ്ധത ഏകോപിപ്പിക്കും. നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് റിപ്പയറിംഗിനും മറ്റും വിദഗ്ദ്ധരെ ആവശ്യമുണ്ടെങ്കിലും വി ഫോര്‍ വയനാടില്‍ അറിയിക്കാം. വീ ഫോര്‍ വയനാടുമായി ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് 04936 204441, 8007761090, 8593012422. എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. മഴക്കെടുതികളെ അതിജീവിക്കുന്നതിനായി തീവ്രപരിപാടികളാണ് ജില്ലയില്‍ നടന്നുവരുന്നത്.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മലിനമായ വീടുകളും പരിസരവും കിണറുകളും സ്ഥാപന പരിസരങ്ങളും ശുചിയാക്കാന്‍ ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കര്‍മ്മ സേനയ്ക്ക് രൂപം നല്‍കും. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ അംഗന്‍വാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ക്ലബ്ബ് അംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഏതൊരാള്‍ക്കും ഈ പരിപാടിയില്‍ പങ്കാളികളാകാം.

ഇതിന്റെ ഭാഗമായി കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നതിനായി ഓരോ 50 വീടുകള്‍ക്കും രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന സേനയെ സജ്ജമാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനാവശ്യമായ കര്‍മ്മപദ്ധതി രൂപീകരിക്കുന്നതിനും പരിശീലനത്തിനുമായുള്ള ശില്പശാല ചൊവ്വാഴ്ച രണ്ടിന് എല്ലാ ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തിലും നടത്തും.
മഴക്കെടുതി രൂക്ഷമായിരുന്ന പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ആഗസ്റ്റ് 30ന്, ക്ലീന്‍ വയനാട് കാമ്പയിന്റെ ഭാഗമായി ക്ലീന്‍ പൊഴുതന എന്ന പേരില്‍ ശുചീകരണ യജ്ഞം നടത്തും. ഗ്രാമപഞ്ചായത്ത് തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ഡ്തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, സര്‍വ്വീസ് സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. പ്രളയബാധിതമായ വീടുകള്‍, പൊതുസ്ഥലങ്ങള്‍, പൊതുകെട്ടിടങ്ങള്‍ തുടങ്ങിയവ ശുചീകരിക്കുകയാണ് ലക്ഷ്യം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications