'വയനാട് ഞങ്ങൾ എടുക്കും, നവ്യയെ ജയിപ്പിച്ചാൽ കേന്ദ്രമന്ത്രിയായി തിരികെ തരാം'; സുരേഷ് ഗോപി
കൽപ്പറ്റ: തൃശൂർ പോലെ വയനാട് മണ്ഡലവും എടുത്തിരിക്കുമെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇത്തവണ വെറും എംപിയായി ഒതുങ്ങിപ്പോകുന്ന ആളയല്ല ജയിപ്പിച്ച് വിടേണ്ടതെന്നും നവ്യ ഹരിദാസ് ജയിച്ചാൽ കേരളത്തിൽ വീണ്ടും ഒരു കേന്ദ്രമന്ത്രിയെ ലഭിക്കാനുള്ള ശ്രമങ്ങൾ താൻ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. നവ്യയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മാനന്തവാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
'വയനാട് മണ്ഡലം ബി ജെ പിക്കും അമിത് ഷാക്കും നരേന്ദ്ര മോദിക്കും വേണം. ഈ വയനാട് ഞങ്ങൾക്ക് നിങ്ങൾ തരണം. നിങ്ങൾ അനുഗ്രഹിച്ചാൽ ഞങ്ങൾ നിങ്ങളുടെ വയനാട് എടുത്തിരിക്കും. ഇത്തവണ നിങ്ങൾ ഇവിടെ നിന്ന് തിരഞ്ഞെടുത്ത് അയക്കുന്നത് എംപിയായി ഒതുങ്ങുന്ന ആളെ ആയിരിക്കരുത്. മറിച്ച് ഒരു കേന്ദ്രമന്ത്രിയാകാൻ സാധ്യയുള്ള വ്യക്തിയായിരുക്കണം. ഞാൻ ഉറച്ച് വാക്ക് നൽകുകയാണ്. അതിന് വേണ്ടിയുള്ള ഡൽഹിയിലെ പോരാട്ടം ഞാൻ നയിക്കും. നവ്യയെ ജയിപ്പിച്ച് വിടൂ, മന്ത്രിയാക്കി ഞാൻ തിരികെ കൊണ്ടുവന്ന് തരാം', സുരേഷ് ഗോപി പറഞ്ഞു.

'വയനാട്ടുകാർക്ക് ഈ തിരഞ്ഞെടുപ്പ് എന്നത് ശിക്ഷ നൽകാനുള്ള അവസരമാണ്. തക്കതായ ശിക്ഷാനടപടികൾ വയനാട്ടുകാർ സ്വീകരിക്കണം. ഇത് ഞങ്ങളുടെ വോട്ട് , അത് ഈ രാജ്യത്തിനാണെന്ന് പറയുന്ന പുതിയ നിശ്ചയം കുറിക്കണം എന്നാണ് വോട്ടർമാരോട് പറയാനുള്ളത്. തൃശൂരിലെ വിജയം കുറിച്ചത് അത് മാത്രമാണ്. അല്ലാതെ ചെമ്പും കോലും കലക്കും ഒന്നുമല്ല. അങ്ങനെയെങ്കിൽ അമേരിക്കയിൽ ഏതൊക്കെ പൂരം കലക്കിയിട്ടാണ് ട്രംപ് ജയിച്ചത്. ഇത് തന്നെയാണ് ആവർത്തിക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള രചന നടത്തുന്നവരായി മാത്രം ഇന്ത്യയിലെ പ്രതിപക്ഷം ഒരുങ്ങിത്തീരും', സുരേഷ് ഗോപി പറഞ്ഞു.
അതേസമയം മേപ്പാടിയിൽ പുഴുവരിച്ച കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ പ്രചരണം കൊഴുപ്പിക്കുകയാണ് ബി ജെ പി. സംഭവത്തിന്റെ ഉത്തരവാദി സർക്കാരാണെന്ന് നവ്യ ഹരിദാസ് കുറ്റപ്പെടുത്തി. സംഭവത്തിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ പഞ്ചായത്തല്ല സംഭവത്തിന് പിന്നിൽ റവന്യൂ വകുപ്പ് ആണെന്നാണ് യു ഡി എഫ് പറയുന്നത്.












Click it and Unblock the Notifications