ആശങ്കയായി കാലാവസ്ഥയും; നാളെയോടെ മാത്രമെ മഴ ശക്തി കുറയൂ എന്ന് ഐഎംഡി
കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലില്‍ പ്രതികൂല കാലാവസ്ഥ തടസം സൃഷ്ടിക്കുന്നതിനിടെ നിരാശ പടര്‍ത്തി ഐ എം ഡിയുടെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി ഇന്ന് കുറയാന്‍ സാധ്യതയില്ല എന്നാണ് ഐ എം ഡി ഡയറക്ടര്‍ നീത കെ ഗോപാല്‍ പറയുന്നത്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും നീത കെ ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
'ശക്തമായ കാറ്റും മേഘാവൃതമായ കാലാവസ്ഥയും കാരണം ഹെലികോപ്ടറിന് പറക്കാനാവില്ല. മലമ്പ്രദേശമായതിനാല്‍ മൂടല്‍ മഞ്ഞിന്റെ സാന്നിധ്യവുമുണ്ട്. ഈ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്,' നീത പറഞ്ഞു. അതേസമയം ദുരന്തത്തില്‍ മരണസംഖ്യ കുതിക്കുകയാണ്. ഇതുവരെ 90 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഇന്ന് പുലര്‍ച്ചയെയോടെ ഉരുള്‍പൊട്ടലുകളുണ്ടായത്.

ചൂരല്‍മലയില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയിട്ടുണ്ട്. മുണ്ടക്കൈയിലേക്ക് ഉച്ചക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. നിരവധി പേര്‍ ദുരന്തമേഖലയില്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ചൂരല്‍മല പാലവും റോഡും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്നുണ്ട്.
ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്നാണ് കണ്ടെത്തിയത്. പല മൃതശരീരങ്ങള്‍ക്കും അംഗഭംഗം സംഭവിച്ച നിലയിലായിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരുടെ സംഘവും രക്ഷാപ്രവര്‍ത്തകസംഘവും തമ്മില്‍ ചൂരല്‍മലയില്‍ വെച്ച് ചര്‍ച്ച നടക്കുകയാണ്.
മന്ത്രിമാരായ കെ രാജന്‍, ഒആര്‍ കേളു, പിഎ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ ഐസി ബാലകൃഷ്ണന്‍, ടി സിദ്ദിഖ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ചര്‍ച്ചയില്‍ തീരുമാനിക്കും. മുണ്ടക്കൈ മേഖലയിലേക്ക് കടക്കാനായി വടംകെട്ടി പുഴ കടക്കാനാണ് നിലവില്‍ സൈന്യവും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാ സേനയും തീരുമാനിച്ചിട്ടുള്ളത്.
2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മലയും മുണ്ടക്കൈയും. 400 ല്‍ അധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചിരിക്കുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അന്വേഷണങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം.
ഡെപ്യൂട്ടി കലക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി - 8547616601, കല്‍പ്പറ്റ ജോയിന്റ് ബി.ഡി.ഒ ഓഫീസ് - 9961289892, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ - 9383405093, അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ - 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688.












Click it and Unblock the Notifications