വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിന് ഒരു വയസ്: ദുരിതമൊഴിയാതെ വയനാട്, വീട്ടിലേക്ക് മടങ്ങാനാവാതെ നിരവധി പേർ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ പ്രളയമുണ്ടായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും ദുരിതത്തില്‍ നിന്നും കര കയറാതെ ഇന്നും നിരവധി പേര്‍. മാനന്തവാടി പേര്യ കൈപ്പഞ്ചേരി പണിയ കോളനി നിവാസികളാണ് ഇന്നും പുനരധിവാസമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞ് താമസിക്കുന്ന ഒരു വീടും നിര്‍മ്മാണത്തിലിരുന്ന രണ്ട് വീടും പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മറ്റ് വീടുകളുടെ ചുമരുകള്‍ മണ്ണിടിച്ചിലിന്റെ ആഘാതത്തില്‍ തള്ളുകയും പൊട്ടികീറുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ കോളനിവാസികള്‍ ദുരിതാശ്വാസ ക്യാമ്പിലായതിനാലാണ് അപകടം ഒഴിവായത്. മഴക്കാലം കഴിയുന്നത് വരെ മൂന്ന് മാസക്കാലം ആദിവാസികള്‍ ക്യാമ്പില്‍ തന്നെയാണ് കഴിഞ്ഞത്. പിന്നീട് ഭൂരിഭാഗം പേരും തിരിച്ചെത്തി വീണ്ടും അപകട സാധ്യതയുള്ള വീടുകളില്‍ തന്നെ താമസം തുടര്‍ന്നു. എന്നാല്‍ പ്രദേശത്തെ നാല് കുടുംബം ഒരു വര്‍ഷമായി അയനിക്കല്‍ കമ്മ്യൂണിറ്റി ഹാളിലാണ് താമസം. നല്ലയുടെ വീടാണ് പൂര്‍ണമായും മണ്ണിടിച്ചിലില്‍ തകര്‍ന്നത്.

flood


കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലകപ്പെട്ട മാനന്തവാടി പേര്യ കൈപ്പഞ്ചേരി പണിയ കോളനി സിന്ധുവിന്റെ വീട്

ഇവരുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റും മുഴുവന്‍ നഷ്ടപ്പെട്ടു. നിര്‍മ്മാണത്തിലിരുന്ന വെള്ളി, സിന്ധു, എന്നിവരുടെ വീടാണ് തകര്‍ന്നത്. നിര്‍മ്മാണ സാമഗ്രികള്‍ മിക്കതും വെള്ളത്തില്‍ ഒലിച്ചുപോയി. ശശിയുടെ വീടിന്റെ പിന്‍ഭാഗത്തെ ഭിത്തി ഇടിയുകയും പൊട്ടി കീറുകയും ചെയ്തു. രാജന്റെ വീടിന്റെ ഭിത്തിയും പലയിടങ്ങളിലായി വിണ്ടുകീറിയിട്ടുണ്ട്.

നല്ല, സിന്ധു, സജി, സാജു എന്നിവരുടെ കുടുംബങ്ങളിലെ 11 പേരാണ് കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ പ്രളയത്തിന് ശേഷം ഈ നിമിഷം വരെ താമസിച്ചു വരുന്നത്. കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് കുരയുണ്ടാക്കി അതിലാണ് ഇവര്‍ ഭക്ഷണം പാകം ചെയ്യുന്നത്. മഴ ശക്തി പ്രാപിച്ചാല്‍ കോളനിയില്‍ ഇപ്പോള്‍ താമസിക്കുന്നവരും കമ്മ്യൂണിറ്റി ഹാളിലേക്ക് മാറേണ്ടി വരും. പുഴ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ കൈപ്പഞ്ചേരി കോളനിയിലേക്കുള്ള ആകെയുള്ള വഴിയും വെള്ളത്തിനടിയിലായി കഴിഞ്ഞു.

അരക്കൊപ്പം വെള്ളത്തിലൂടെ സാഹസികമായി യാത്ര ചെയ്താല്‍ മാത്രമെ ഇപ്പോള്‍ കോളനിയിലുള്ള ആദിവാസികള്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയൂ. ഇതു കാരണം കോളനിയിലെ വിദ്യാര്‍ഥികളുടെ സ്‌കൂളിലേക്കുള്ള യാത്രയും നിലച്ചു. മഴ തുടര്‍ന്നാല്‍ പുഴയിലെ വെള്ളം കിണറ്റിലെത്തുന്നതോടെ കുടിവെള്ളവും ഇല്ലാതാവും. എളുപ്പത്തില്‍ കോളനിയിലെത്താന്‍ പുഴക്ക് കുറുകെ ചെറിയ മരപ്പാലം ഉണ്ടാക്കിയിരുന്നു.പുഴയില്‍ വെള്ളം പൊങ്ങിയതോടെ ഇത് വെള്ളത്തിനടിയിലായിട്ടുണ്ട്.

ഇനി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുക എന്നത് മാത്രമാണ് ഏക മാര്‍ഗം. പുനരധിവസിപ്പിക്കണമെന്ന പേര്യ കൈപ്പഞ്ചേരി കോളനിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇനിയും നടപ്പായില്ല. പുനരധിവാസം കാത്ത് കഴിയുന്ന ഇവരുടെ ജീവിതം നരകതുല്യമായി തുടരുകയാണ്. ഇത്തവണ മഴക്കാലം തുടങ്ങിയതു മുതല്‍ ആശങ്കയോടെയാണ് ഇവര്‍ വീടിനുള്ളില്‍ അന്തിയുറങ്ങുന്നത്. ഏത് നിമിഷവും ഇടിയാന്‍ സാധ്യതയുള്ള മലയുടെ അടിവാരത്തിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. പ്രളയശേഷം നിരവധി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കിയ ജില്ലയിലാണ് ഈ ദുരവസ്ഥ.

Wayanad
English summary
kerala flood: people of Wayanad are in distress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X