വീട്ടിലെത്തി പ്രിയങ്ക തെയ്യാമ്മയെ കണ്ടു; കൊന്ത സമ്മാനിച്ചു, പഴയ കാര്യങ്ങളോർത്ത് മനസ്സുനിറഞ്ഞ് തെയ്യാമ്മ
കല്പറ്റ: പ്രിയങ്ക ഗാന്ധി അപ്രതീക്ഷിതമായി വീട്ടിൽ എത്തിയ സന്തോഷത്തിലാണ് ബത്തേരിയിലെ കരിമാങ്കുളത്തെ തെയ്യാമ്മ എന്ന ത്രേസ്യയുടെ കുടുംബം. പ്രിയങ്ക വീട്ടിൽ വരുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്നും വന്നപ്പോൾ സത്യമാണോ സ്വപ്‌നമാണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു താനെന്നും ത്രേസ്യാമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രിയങ്കയ്ക്ക് ത്രേസ്യാമ്മ മധുരവും തന്റെ പ്രിയപ്പെട്ട കൊന്തയും സമ്മാനിച്ചു.
ആ കുടുംബത്തോടാകെ സ്‌നേഹമാണെന്നും ഇന്ദിരാഗാന്ധി മരിക്കുമ്പോൾ താൻ സ്‌കൂളിൽ ജോലി ചെയ്യുകയായിരുന്നുവെന്നും അന്ന് മൗനജാഥ നടത്തിയതൊക്കെ ഓർമയുണ്ടെന്നും അത്ര ആത്മബന്ധമാണ് തനിക്കെന്നും ത്രേസ്യ പറയുന്നു. പ്രിയങ്കയെ കണ്ടപ്പോൾ പെട്ടെന്ന് കയ്യിലെ കൊന്ത കൊടുക്കാൻ തോന്നിയെന്നും മദർ തേരസ കൊന്ത തന്നിട്ടുണ്ട്, ഇതും അതുപോലെ സൂക്ഷിക്കുമെന്ന് പ്രിയങ്ക പറഞ്ഞെന്നും ത്രസേസ പറഞ്ഞു.

PC: Priyanka Gandhi/ FB
ത്രേസ്യയുടെ വിമുക്തഭടനായ മകൻ പ്രിയങ്കയുടെ വാഹനവ്യൂഹം കണ്ട് കൈ കാണിച്ച് അമ്മയ്ക്ക് കാണാൻ അതിയായ ആഗ്രഹം ഉണ്ടെന്ന് പറയുകയായിരുന്നു. എവിടെയാണ് വീട് എന്ന് ചോദിച്ച ശേഷം വാഹനം അങ്ങോട്ട് എടുക്കാൻ പറയുകയായിരുന്നു. വീട്ടിലെത്തി ത്യേസയയോടും കുടുംബാംഗങ്ങളോടും നാട്ടുകാരോടുമൊക്കെ പ്രിയങ്ക സംസാരിച്ചു.
ത്രേസ്യയെ കണ്ട സന്തോഷം പ്രിയങ്ക സോഷ്യൽ മീഡിയയിലും പങ്കുവെച്ചു. ഇന്ന് എന്റെ വയനാടൻ കുടുംബത്തിൽ എത്തിയപ്പോൾ വളരെ മനോഹരമായ അനുഭവം ഉണ്ടായി. വഴിയിൽ വെച്ച് വിരമിച്ച സൈനിക സഹോദരനെ കണ്ടുമുട്ടി. സംഭാഷണത്തിനിടിയിൽ അമ്മയ്ക്ക് സുഖമില്ലെന്നും അവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യാറുണ്ടെന്നും പറഞ്ഞു.
എപ്പോഴെങ്കിലും എന്നെ കണ്ടിരുന്നെങ്കിൽ എന്ന ആഗ്രഹം അവർക്കുണ്ടെന്ന് പറഞ്ഞു. അമ്മയുടെ വാത്സല്യം എന്നെ അവരിലേക്ക് എത്തിച്ചു. അവരുടെ സന്തോഷം നോക്കൂ. അവരുടെ അനുഗ്രഹം എന്ന നിലയിൽ അവർ വർഷങ്ങളായി തന്റെ കൈവശമുള്ള കൊന്ത എനിക്ക് സമ്മാനിച്ചു. ഈ കൂടിക്കാഴ്ചയും ഈ സ്നേഹവും ഈ അനുഗ്രഹവും എനിക്ക് എന്നും അമൂല്യമാണ്, പ്രിയങ്ക ഫേസ്ബുക്കിൽ കുറിച്ചു.
വയനാട് ലോക് സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരത്തിന് ഇറങ്ങുകയാണ് പ്രിയങ്ക. പ്രിയങ്കയ്ക്കൊപ്പം അമ്മ സോണിയാ ഗാന്ധിയും ഭർത്താവ് റോബർട് വദ്രയും മകനും ഉണ്ടായിരുന്നു. ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക പ്രചാരണം തുടങ്ങും. പത്ത് ദിവസത്തോളം നീളുന്നതാണ് പ്രചാരണം.












Click it and Unblock the Notifications