'അത് ഇന്നലത്തെ ന്യൂസാണ്, നിലവിൽ ഞാൻ മേപ്പാടിയിൽ ഉണ്ട്, പ്രശ്നങ്ങളൊന്നുമില്ല'; സജിൻ പാറേക്കര
മേപ്പാടി: ഉരുൾപാെട്ടലിൽ ആടിയുലഞ്ഞ വയാനാടിന് വേണ്ടി തങ്ങളാൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുകയാണ് ഓരോരുത്തരും. തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്തും വസ്ത്രങ്ങൾ നൽകിയുമൊക്കെ ഓരോരുത്തരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്.
ചെയ്യാനാവുന്ന സഹായങ്ങൾ ചെയ്ത് കൊടുക്കാനുള്ള മനസ്സ് സോഷ്യൽ മീഡിയയിലൂടെ പലരും പ്രകടിപ്പിക്കുന്നുണ്ട്. അത്തരത്തിൽ മലയാളികളുടെ ഹൃദയം നിറച്ച ഒരു പോസ്റ്റായിരുന്നു ക്യാമ്പിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തന്റെ ഭാര്യ തയ്യാറാണെന്ന സജിൻ പാറേക്കരയുടെ പോസ്റ്റ്. നിരവധിപേരാണ് ഈ കുടുംബത്തെ അഭിനന്ദിച്ചെത്തിയത്.

കഴിഞ്ഞ ദിവസം തന്നെ സജിനും ഭാര്യയും മക്കളും അവിടെ എത്തി. എന്നാൽ അവിടെ എത്തിയ ശേഷം തങ്ങളെ വിളിച്ചവരെ തിരിച്ച് വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ലെന്ന് സജിൻ പറഞ്ഞതായുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സജിൻ. വൺഇന്ത്യ മലയാളത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.
വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞത് ഇന്നലത്തെ കാര്യമാണെന്നും ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലെന്നും സജിൻ പറഞ്ഞു. അത് ഇന്നത്തെ കാര്യമല്ല. ഇന്നലെ വന്നപ്പോഴുണ്ടായ കാര്യമാണ് ആ ന്യൂസ്. ഇപ്പോൾ എല്ലാം ഓകെ ആയിട്ടുണ്ട്. കുഴപ്പങ്ങളൊന്നും ഇല്ല. ഇതിനിടയ്ക്ക് ഓരോ ന്യൂസ് വരുന്നുണ്ട്. ഓരോ നിമിഷവും ഓരോ വാർത്തയാണ് വരുന്നത്. ഇന്നലെ വന്നപ്പോൾ വിളിച്ചപ്പോൾ എടുക്കുന്നില്ലായിരുന്നു, അങ്ങനെ എഴുതിവിട്ടതായിരിക്കും. ഞാൻ ഇപ്പോൾ മേപ്പാടിയിൽ ഉണ്ട്, കുഴപ്പമില്ല, അദ്ദേഹം പറഞ്ഞു.
പണം കൊണ്ട് ചെയ്യാൻ പറ്റുന്ന സാമ്പത്തിക സ്ഥിതി ഉള്ള ആളല്ല. നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമെന്ന നിലയിലാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞത്. ആളുകളെ നമ്മൾ രാത്രിയിൽ തന്നെ വിളിച്ചു. ഇന്നലെ രാത്രി 12 മണിക്ക് തന്നെ ഞങ്ങൾ എത്തി. ക്യാമ്പുകളിലൊക്കെ എത്തി എന്ന് സജിൻ നേരത്തെ വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചിരുന്നു.
അതേ സമയം വയനാട് രക്ഷാപ്രവർത്തനം തുടരുകയാണ്. കരസേന തീർത്ത ബെയ്ലി പാലം സജ്ജമായതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടി. ഇന്ന് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും മുണ്ടക്കൈയിലേക്ക് എത്തിക്കാനായി. പടവെട്ടിക്കുന്നിൽ വീട്ടിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയർ ഫോഴ്സും ചേർന്ന് കണ്ടെത്തി രക്ഷപ്പെടുത്തുകയും ചെയ്‌തിരുന്നു.ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് നിലവിലുള്ളത്.












Click it and Unblock the Notifications