പൂതാടിയില്‍ വിട്ടൊഴിയാതെ കാട്ടാന പേടി, നെല്‍കൃഷി വ്യാപകമായി നശിപ്പിച്ചു
പനമരം: വയനാട്ടിലെ പൂതാടിയില്‍ വ്യാപക ഭീഷണിയുയര്‍ത്തി കാട്ടാന. കനത്ത കൃഷി നാശമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. നെല്‍ക്കൃഷിയാണ് ഇവ വ്യാപകമായി നശിപ്പിച്ചത്. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചെഞ്ചടി പാടശേഖരത്തിലിറങ്ങിയ ഒറ്റയാനാണ് വിളവെടുപ്പിന് ദിവസങ്ങള്‍ക്ക് മാത്രമുള്ള നെല്‍ക്കൃഷി തിന്നുതീര്‍ത്തത്. കര്‍ഷകരെ ഇത് തീരാദുരിതത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
അതേസമയം കാട്ടാന ഈ കൃഷിയാകെ ചവിട്ടി മെതിച്ച് നശിപ്പിച്ചിരിക്കുകയാണ്. തീര്‍ത്തും ഉപയോഗശൂന്യമായ നിലയിലാണ് ഇവരുടെ നെല്ലുള്ളത്. ഒരാഴ്ച്ച മുമ്പ് വലിയൊരു മതില്‍ ചാടിക്കടന്നാണ് കാട്ടാന കൃഷിയിടത്തിലേക്ക് എത്തിയത്. തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ ഇവ ഉണ്ടാക്കുകയും ചെയ്തു. പാതിരി സൗത്ത് സെക്ഷനിലെ ചങ്ങലമൂലയ്ക്ക് സമീപത്ത് നിന്നാണ് ഈ കാട്ടാന എത്തുന്നത്.കാട്ടാനയെ പേടിച്ച് കര്‍ഷകര്‍ ഇവിടെ കാവലിരിക്കുന്നുണ്ട്.

എന്നാല്‍ കര്‍ഷകര്‍ കാവലിരുന്നിട്ടും ആനയെ തടയാനാവാത്ത സാഹചര്യമാണ് ഉള്ളത്. രണ്ട് തവണ കാട്ടാനയെ വയലില്‍ നിന്ന് പടക്കം പൊട്ടിച്ച് തുരത്തിയെങ്കിലും ഇത് തിരിച്ചെത്തുകയായിരുന്നു. കര്‍ഷകര്‍ കാവല്‍ മാടത്തിലേക്ക് മടങ്ങുന്ന സമയത്ത് തിരിച്ചെത്തുന്ന കാട്ടാന ഒരു ഭാഗത്തെ നെല്ല് പൂര്‍ണമായും തിന്നു. പിന്നീട് കര്‍ഷകര്‍ തിരിച്ചെത്തുമ്പോഴേക്ക് കൈത്തോടുകള്‍ എല്ലാം തകര്‍ത്താണ് കാട്ടാന വനത്തിലേക്ക് മടങ്ങുന്നത്.
നീളമേറിയ കൊമ്പുള്ള വലിയ ആനയാണ് ഇവിടെ സ്ഥിരമായി എത്തി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം കാട്ടാനകളെ പ്രതിരോധിക്കാന്‍ വനാതിര്‍ത്തിയില്‍ വനംവകുപ്പും, വയലിന് ചുറ്റും കര്‍ഷകര്‍ സ്ഥാപിച്ച വൈദ്യുത വേലിയുമൊന്നും ഇവയ്ക്ക് പ്രശ്‌നമല്ല. ഇവയെല്ലാം തകര്‍ത്താണ് കാട്ടാന കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.
കാട്ടാനശല്യം രൂക്ഷമായതിനാല്‍ പല കര്‍ഷകരും കൃഷി ഇറക്കാത്ത അവസ്ഥയിലാണ്. വളരെ ചുരുക്കം കര്‍ഷകര്‍ മാത്രമാണ് ചെഞ്ചടി വയലില്‍ നെല്‍ക്കൃഷി ഇറക്കിയിട്ടുള്ളൂ. ബാക്കി നൂറ് കണക്കിന് ഏക്കര്‍ പാടം കൃഷിയിറക്കാതെ തരിശായി കിടക്കുകയാണ് കാട്ടാന ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ നിലവില്‍ കൃഷി എടുക്കുന്നവര്‍ക്കും കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.












Click it and Unblock the Notifications