വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാമതിലിനുള്ള ഒരുക്കങ്ങള്‍ വയനാട്ടില്‍ പൂര്‍ത്തിയായി; നാടെങ്ങും വിളംബരജാഥകള്‍, 30,000 പേര്‍ക്ക് പോകാനുള്ള വാഹനങ്ങളും സജ്ജമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വനിതമതില്‍ കടന്നുപോകുന്ന ഒരു ജില്ലയല്ല വയനാടെങ്കിലും 30,000 സ്ത്രീകളെ അയല്‍ജില്ലയായ കോഴിക്കോട്ടെത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ഇത്രയും പേര്‍ക്ക് പോകാനുള്ള വാഹനങ്ങളെല്ലാം തന്നെ സജ്ജമാക്കി കഴിഞ്ഞു. ജില്ലയില്‍ സര്‍വീസ് നടത്തുന്ന നൂറോളം സ്വകാര്യബസുകളും, അതിന് പുറമെ കെ എസ് ആര്‍ ടി സി ബസുകളും ബുക്ക് ചെയ്തു കഴിഞ്ഞു.

<strong>വീഴ്ചയില്‍നിന്നും കരകയറാന്‍ കുഞ്ഞാലിക്കുട്ടി, മുത്വലാഖ് ബില്ലിനെ പരാജയപ്പെടുത്തുമെന്ന്, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി</strong>വീഴ്ചയില്‍നിന്നും കരകയറാന്‍ കുഞ്ഞാലിക്കുട്ടി, മുത്വലാഖ് ബില്ലിനെ പരാജയപ്പെടുത്തുമെന്ന്, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

കോഴിക്കോട് നടക്കാവിലെ മനോരമ ജംങ്ഷന്‍ ഭാഗത്താണ് വയനാട്ടില്‍ നിന്നുള്ള സ്ത്രീകള്‍ അണിനിരക്കുക. കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനും എന്ന വാദവുമായി നടക്കുന്ന വനിതാമതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് പ്രചരണം ശക്തമാക്കിയത്. വിവിധ രാഷ്ട്രീയ കക്ഷികളിലും പുരോഗമന പ്രസ്ഥാനങ്ങളിലും സര്‍വീസ് സംഘടനകളിലും കുടുംബശ്രീ തൊഴിലുറപ്പ്, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ജില്ലയില്‍ നിന്നും മതിലില്‍ പങ്കാളികളാവും.

Woman wall

സാക്ഷരതാ പ്രവര്‍ത്തകര്‍, എസ്.സി.-എസ്.ടി. പ്രൊമോട്ടര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയന്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരും അണിചേരും. വനിതാ മതിലിന്റെ ആശയ പ്രചാരണത്തിന് ജില്ലയില്‍ ആവേശകരമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ സംഘാടക സമിതി യോഗങ്ങള്‍ ചേരുകയും വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ജീവനക്കാരുടെ സര്‍വീസ് സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തെരുവു നാടകങ്ങള്‍, സിഗ്‌നേച്ചര്‍ കാമ്പെയിന്‍, മാതൃകാ മതില്‍, ചുമരെഴുത്ത്, പോസ്റ്റര്‍ പ്രചാരണം, ബൈക്ക് റാലി, വിളംബര ഘോഷയാത്ര, സെമിനാറുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മുമ്പ് മനോരമ ജംഗ്ഷനില്‍ എത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

അതേസമയം, വയനാട്ടിലും മതിലിനെ ചൊല്ലിയുള്ള ആരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കുറവൊന്നുമില്ല. പൂതാടി, പൊഴുതന ഗ്രാമപഞ്ചായത്തുകള്‍ സര്‍ക്കുലര്‍ ഇറക്കിയെന്ന ആരോപണവുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുടുംബശ്രീയിലെ അംഗങ്ങള്‍ 20 രൂപ വീതം നല്‍കണമെന്നതായിരുന്നു വിവാദമായ തീരുമാനങ്ങളിലൊന്ന്. സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ ഒരു കുടുംബശ്രീയില്‍ നിന്ന് 300 രൂപ നിരക്കില്‍ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ടായിരുന്നു.

വനിതാ മതിലിന്റെ പേരിലുള്ള പണപ്പിരിവും ഭീഷണിയും അവസാനിപ്പിക്കണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടിരുന്നു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അയല്‍കൂട്ടങ്ങളില്‍ നിന്നും വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ പോകുന്ന വാഹനവാടക കൊടുക്കാന്‍ 500 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. മുനിസിപ്പാലിറ്റി, സി.ഡി.എസ്. എന്നിവയുടെ തീരുമാനമുണ്ടെന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നതെന്നും, പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതമനുഭവിക്കുന്ന അവസരത്തിലാണ് ഭീഷണിപ്പെടുത്തിയുള്ള പിരിവ് നടത്തുന്നതെന്നും മതിലിനെ സ്ത്രീകള്‍ ചേര്‍ന്ന് ചെറുത്തുതോല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആദ്യമൊന്നും വനിതാമതിന് ജില്ലയില്‍ നിന്നും വേണ്ടത്ര പ്രതികരണമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും ശക്തമായ പ്രചരണമാണ് ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടികളും സംഘടനകളും നടത്തിയത്. അതുകൊണ്ട് തന്നെ ജില്ലാഭരണകൂടം അവകാശപ്പെട്ടത് പോലെ മുപ്പതിനായിരം പേര്‍ തന്നെ ജില്ലയില്‍നിന്നും പങ്കെടുക്കാന്‍ തന്നെയാണ് സാധ്യത.

Wayanad
English summary
Woman wall in Wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X