പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി... 12 കാരിയെ വീണ്ടും പീഡിപ്പിച്ചു, വയനാട് മീനങ്ങാടി സ്വദേശി അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി. മുമ്പ് മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് മദ്രസ അധ്യാപകനായിരിക്കെ പത്ത് വയസുകാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ജയില്‍ശിക്ഷയനുഭവിച്ചുവരുന്നതിനിടെ ജാമ്യത്തിലിറങ്ങിയ മീനങ്ങാടി മോതിരോട്ടുകുന്ന് സുബൈര്‍ (30)ആണ് സമാനകേസില്‍ വീണ്ടും അറസ്റ്റിലായത്.
ജാമ്യത്തിലിറങ്ങിയ സുബൈര്‍ മീനങ്ങാടി സ്റ്റേഷനില്‍ ഒപ്പിട്ട് വരുന്ന വഴി പനമരത്ത് വെച്ച് ആറാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെ മീനങ്ങാടിയില്‍ മദ്രസ അധ്യാപകനായിരിക്കെ, പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ സുബൈറിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് റിമാന്റിലായ സുബൈര്‍ 55 ദിവസത്തെ ജയില്‍ശിക്ഷക്ക് ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

സംഭവത്തിന് ശേഷം മദ്രസയില്‍ നിന്നും പുറത്താക്കിയ സുബൈര്‍ പിന്നീട് മാനന്തവാടിയിലെ ഒരു പച്ചക്കറിക്കടതിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് ജാമ്യവ്യവസ്ഥ പ്രകാരം മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വരുന്ന വഴിക്ക് പനമരം പരക്കുനി ഭാഗത്ത് വെച്ച് വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. പിന്നീട് കുട്ടി വീട്ടില്‍ വിവരമറിയിക്കുകയും ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പെണ്‍കുട്ടി നല്‍കിയ സൂചനപ്രകാരം പനമരം പൊലീസ് സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുബൈര്‍ പിടിയിലാകുന്നത്. പിന്നീട് പെണ്‍കുട്ടി സുബൈറിനെ തിരിച്ചറിയുകയുമായിരുന്നു. സുബൈര്‍ ഇതിന് മുമ്പും സമാനരീതിയിലുള്ള വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നാണ് പറയുന്നത്. പോക്‌സോ നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. പനമരം എസ്ഐ രാംകുമാറിനോടൊപ്പം എഎസ്ഐ റോയ്ച്ചന്‍, സിപിഒ മാരായ വിപിന്‍, ബിനോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications