യുഎഇയില്‍ മത്സ്യവിലയില്‍ വന്‍ കുറവ്, മീന്‍ വാങ്ങാന്‍ വന്‍ തിരക്ക്
അബുദാബി: യുഎഇയില്‍ മത്സ്യങ്ങള്‍ക്ക് വന്‍ വിലക്കുറവ്. കാലാവസ്ഥയിലുണ്ടായ മാറ്റം മത്സ്യവില കുറയാന്‍ ഇടയാക്കിയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇടയ്ക്ക് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന മത്സ്യവില പ്രവാസികള്‍ക്കും തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികം പണച്ചെലവില്ലാതെ ഇഷ്ടപ്പെട്ട മീന്‍ കഴിയ്ക്കാമെന്ന അവസ്ഥവരെയായി കാര്യങ്ങള്‍.
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള മത്തിയുടെ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. നാലു കിലോ മത്തിയ്ക്ക് ഇപ്പോള്‍ 12 ദിര്‍ഹമാണ് വില. മുന്‍പ് 25 ദിര്‍ഹമായിരുന്നു വില. ആവോലി, അയക്കൂറ, കരിമീന്‍ എന്നിവയുടെ വിലയിലും നല്ല കുറവുണ്ടായിട്ടുണ്ട്. അറബികളുടെ ഇഷ്ട മത്സ്യമായ ഹമൂറിനും വില കുറഞ്ഞിട്ടുണ്ട്.
മിക്ക മീനുകളുടേയും വില കുറഞ്ഞിട്ടുണ്ടെങ്കിലും കൂട്ടത്തില്‍ താന്‍ അത്ര ചെറുതല്ലെന്ന് തെളിയിക്കുകയാണ് നത്തോലി. നത്തോലി വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ചെമ്മീന്‍, കണവ, ഞണ്ട് എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞതോടെ അബുദാബിയിലെ മിനാ മാര്‍ക്കറ്റില്‍ തിരക്കും കൂടി.