കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുസൈന്‍ സലഫിയുടെ റമദാന്‍ പ്രഭാഷണം 23ന് അല്‍വസല്‍ ക്‌ളബ്ബില്‍

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: വ്രത വിശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം കുറിച്ച് സമാഗതമായ റമദാനില്‍ ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് 22-ാം സെഷന്റെ ഭാഗമായി ഈ മാസം 23ന് ദുബായ് അല്‍വസല്‍ സ്‌പോര്‍ട്‌സ് ക്‌ളബ് ഓഡിറ്റോറിയത്തില്‍ രാത്രി 10 മണിക്ക് അതിവിപുലമായ സമ്മേളനം സംഘടിപ്പിക്കാന്‍ അനുമതി ലഭിച്ചതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹുസൈന്‍ സലഫി 'മതം ഗുണകാംക്ഷയാണ്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

സാങ്കേതിക പുരോഗതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോളമെത്തി നില്‍ക്കുന്ന ആധുനിക സമൂഹത്തില്‍ മാനവിക മൂല്യങ്ങളുടെ വിഷയത്തില്‍ സമൂഹം നാള്‍ക്കുനാള്‍ പിറകോട്ടു പോകുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ഹുസൈന്‍ സലഫി പറഞ്ഞു. വിശുദ്ധ റമദാനിന്റെ പുണ്യ ദിനങ്ങളില്‍ പോലും ഇസ്രാഈലിന്റെ കൊടുംക്രൂരതയില്‍ ഫലസ്തീനിന്റെ മണ്ണില്‍ പിടഞ്ഞു മരിക്കുന്ന നിഷ്‌കളങ്കരായ പിഞ്ചു മക്കളുടെ കബന്ധങ്ങള്‍ കുന്നു കൂടുമ്പോള്‍ അരുതെന്ന് പറയാന്‍ പോലും തയാറാവാത്ത വിധം ലോക സമൂഹത്തിന്റെ മന:സാക്ഷി മരവിച്ചു പോയിരിക്കുന്നു. പിഞ്ചു ബാല്യങ്ങള്‍ ചവച്ചരക്കപ്പെട്ട കത്‌വയും ഉന്നാവോയും സമാന വാര്‍ത്തകളുടെ ആധിക്യത്തില്‍ വിസ്മൃതിയിലേക്ക് നീക്കപ്പെടുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണമുള്ള കേരളത്തില്‍ വിദേശ വനിത പോലും പീഡനത്തിന് വിധേയമായി കൊല ചെയ്യപ്പെട്ടത് ഏറെ ലജ്ജാകരമാണ്.

salafi

ജീര്‍ണതയുടെ വേലിയേറ്റത്തില്‍ മാനവികത ചവിട്ടി മെതിക്കപ്പെടുമ്പോള്‍ മതവിശ്വാസികളുടെ ബാധ്യത വര്‍ധിക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചരിത്രത്തില്‍ എക്കാലവും നന്മയുടെ സംസ്ഥാപനം ലക്ഷ്യമാക്കി ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാരാണ് സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിച്ചു പോന്നിട്ടുള്ളത്. എന്നാല്‍, മതനിരാസം ഒരു ഫാഷനായി മാറുംവിധത്തില്‍ ഭൗതിക പ്രസ്ഥാനങ്ങള്‍ പുതിയ തലമുറയെ വഴിതിരിച്ചു വിടുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. മാന്യമായ വസ്ത്രവും പക്വമായ ജീവിതവും മനുഷ്യന് നല്‍കുന്ന മതബോധത്തിന്റെ നിരാസം അപമാനവീകരണത്തിന് ആക്കം കൂട്ടുമെന്നതില്‍ സംശയമില്ല. ഗുണകാംക്ഷയില്‍ അധിഷ്ഠിതമായ ഇസ്‌ലാമിക ആദര്‍ശം പ്രമാണ ബദ്ധമായി സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയും പരിഹാരവുമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നും സംഘാടകര്‍ വിശദീകരിച്ചു. നാലായിരത്തില്‍ പരം പേര്‍ക്ക് പരിപാടി വീക്ഷിക്കാനുള്ള സജ്ജീകരണങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ഇരി പ്പിട സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഇശാ, തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് സിറാജ് ബാലുശ്ശേരി നേതൃത്വം നല്‍കും. ജദ്ദാഫ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് രാത്രി എട്ടു മണി മുതല്‍ സമ്മേളന വേദിയിലേക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമായിരിക്കും. കൂടാതെ, ദുബായിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യവും ലഭിക്കും. ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 050 2410105. പരിപാടിയുടെ വിജയത്തിനായി അബ്ദുസ്സലാം ആലപ്പുഴ ചെയര്‍മാനും ഷംസുദ്ദീന്‍ അജ്മാന്‍ ജന.കണ്‍വീനറുമായ വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ഹുസൈന്‍ സലഫി, അബ്ദുസ്സലാം ആലപ്പുഴ, ഷംസുദ്ദീന്‍ അജ്മാന്‍, യൂസുഫ് മുഹമ്മദ്, അഷ്‌റഫ് പുതുശ്ശേരി, ഷമീം ഇസ്മാഈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹുസൈന്‍ സലഫിയുടെ റമദാന്‍ പ്രഭാഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2636284 നമ്പറില്‍ ബന്ധപ്പെടണം.

English summary
Hussain Salafi's ramadan speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X