കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ പ്രവാസികള്‍ക്ക് വിവിധ ക്ഷേമപദ്ധതികളുമായി ഇന്ത്യന്‍ മിഷന്‍; നിയമസഹായത്തിന് 10,000 ഡോളര്‍ വരെ അനുവദിക്കും

  • By Desk
Google Oneindia Malayalam News

അബൂദാബി: യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവിധ ക്ഷേമപദ്ധതികളുമായി ഇന്ത്യന്‍ മിഷന്‍ രംഗത്തെത്തി. മിഷനു കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ പ്രവര്‍ത്തന മേഖലകള്‍ വ്യാപിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരി, ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായി.

10,000 ഡോളര്‍ വരെ നിയമസഹായം

10,000 ഡോളര്‍ വരെ നിയമസഹായം

യു.എ.ഇയില്‍ വിവിധ കാരണങ്ങളാല്‍ നിയമക്കുരുക്കുകളില്‍ അകപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് 10,000 ഡോളര്‍ (36,700 ദിര്‍ഹം) വരെ ചെലവഴിക്കാന്‍ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാധിക്കും. ഇതിനായി സ്വകാര്യ നിയമസ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടും. കേസുകളില്‍ അകപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഭാരിച്ച ചെലവ് താങ്ങാനാവാത്ത സാഹചര്യത്തില്‍ നിയമസഹായം ലഭ്യമാക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കും.

താല്‍ക്കാലികാശ്വാസ തുക 60 ദിവസത്തേക്ക് നീട്ടി

താല്‍ക്കാലികാശ്വാസ തുക 60 ദിവസത്തേക്ക് നീട്ടി

നിലവില്‍ തൊഴിലില്ലാതെയും മറ്റും കഷ്ടതയനുഭവിക്കുന്നവരും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരും വിസാ തട്ടിപ്പുകള്‍ക്കും മറ്റും ഇരയാവുന്നവരുമായ പ്രവാസികള്‍ക്ക് ഇന്ത്യന്‍ അധികൃതര്‍ ദിനംപ്രതി 40 ദിര്‍ഹം വീതം 30 ദിവസത്തേക്ക് താല്‍ക്കാലികാശ്വാസം നല്‍കിവരുന്നുണ്ട്. ഈ തുക 60 ദിവസത്തേക്ക് നല്‍കാനും പുതിയ പദ്ധതിയില്‍ തീരുമാനമായി.

ചികില്‍സാ സഹായം 5000 ഡോളര്‍

ചികില്‍സാ സഹായം 5000 ഡോളര്‍

വലിയ അപകടങ്ങളില്‍ പെടുന്നവരും പെട്ടെന്നുണ്ടാവുന്ന ഗുരുതര രോഗങ്ങള്‍ക്കിരയാവുന്നവരുമായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് 5000 ഡോളര്‍ (18,350 ദിര്‍ഹം) വരെ വൈദ്യ സഹായം നല്‍കാനും പദ്ധതിയാവിഷ്‌ക്കരിച്ചതായി അധികൃതര്‍ അറിയിച്ചു. തൊഴിലുടമ സഹായം ചെയ്യാന്‍ വിസമ്മതിക്കുകയും സ്വന്തമായി ചെലവ് താങ്ങാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്ന കേസുകളിലാണ് എംബസിയും കോണ്‍സുലേറ്റും സഹായം നല്‍കുക.

സപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും

സപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും

ഈ ക്ഷേമപദ്ധതികള്‍ സപ്തംബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ഷേമപദ്ധതികള്‍ നടപ്പാക്കുക. അനര്‍ഹമായി സഹായം സ്വീകരിക്കുന്നവരെ തിരിച്ചറിയുന്നതിനും മറ്റും ശക്തമായ നിരീക്ഷണ സംവിധാനം ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. സഹായം ലഭിക്കുന്നവരുടെ പാസ്‌പോര്‍ട്ടില്‍ ഇത് അടയാളപ്പെടുത്തുകയും ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

കോണ്‍സുലാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തും

കോണ്‍സുലാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തും

നിയമ-ചികില്‍സാ സഹായങ്ങള്‍ക്കു പുറമെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മെച്ചപ്പെടുത്തുന്നതിനും മറ്റ് അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കും ഐ.സി.ഡബ്ല്യു.എഫിന്റെ ഫണ്ട് വിനിയോഗിക്കും. അതോടൊപ്പം സാംസ്‌കാരിക പരിപാടികള്‍, ഇന്ത്യന്‍ കലകളുടെയും ഭാഷകളുടെയും പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്നും എംബസി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനവുമൊരുക്കും.

ഏതെങ്കിലും രീതിയില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് അബൂദബിയി എംബസിയെയോ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയോ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്ററിനെയോ സമീപിക്കാം. ഷാര്‍ജയില്‍ ഒരു റിസോഴ്‌സ് സെന്റര്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


English summary
Indian diplomatic missions in the UAE will engage law firms to help workers entangled in legal problems not of their own making in a widened ambit of a welfare fund that empowers the missions to spend up to $10,000 (Dh36,700) per case, Indian officials said at two separate press conferences in Abu Dhabi and Dubai on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X