ഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനം
കുവൈത്ത് സിറ്റി/ദില്ലി: കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് സഹായ ഹസ്തം നീട്ടി കുവൈത്ത് ഭരണകൂടം. സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്റെ പ്രഖ്യാപനം. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം. 45000 ഇന്ത്യക്കാരെ ഒരു പക്ഷേ കുവൈത്ത് അവരുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
കൊറോണ പ്രതിസന്ധിയില്‍ പെട്ട കുവൈത്തിന് നേരത്തെ ഇന്ത്യ സഹായം എത്തിച്ചിരുന്നു. ഇന്ത്യയുടെ സൈനിക മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ സഹായമാണ് കുവൈത്തിന് ലഭ്യമാക്കിയത്. തൊട്ടുപിന്നാലെയാണ് പുതിയ വാഗ്ദാനങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

കുവൈത്ത് സര്‍ക്കാരിന്റെ ഔദാര്യത്തില്‍
കുവൈത്തില്‍ അടുത്തിടെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആനുകൂല്യം ഒട്ടേറെ ഇന്ത്യക്കാര്‍ക്കും ലഭിച്ചിട്ടുണ്ട്. രേഖകളില്ലാതെയും വിസാ കാലാവധി കഴിഞ്ഞും കുവൈത്തില്‍ കുടങ്ങിയ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചു. ഇവര്‍ കുവൈത്ത് സര്‍ക്കാരിന്റെ പ്രത്യേക ഔദാര്യത്തില്‍ നിലവില്‍ കുവൈത്തില്‍ കഴിയുകയാണ്.

സൗജന്യമായി ഇന്ത്യയിലെത്തിക്കും
എല്ലാവരെയും സൗജന്യമായി ഇന്ത്യയിലെത്തിക്കാമെന്നണ് കുവൈത്തിന്റെ വാഗ്ദാനം. കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നജീം ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കാരെ മാത്രമല്ല, മറ്റു വിദേശികളെയും സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാന്‍ കുവൈത്ത് സന്നദ്ധ പ്രകടിപ്പിച്ചു.

വന്‍ ഒഴിപ്പിക്കല്‍
കുവൈത്തിന്റെ വിമാനത്തില്‍ സൗജന്യമായി അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസഡര്‍ നജീം പറയുന്നത്. കേന്ദ്രസര്‍ക്കാരുമായി വിഷയം കുവൈത്ത് ചര്‍ച്ച ചെയ്തുവരികയാണ്. വന്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനാണ് കുവൈത്ത് തുടക്കമിടുന്നത്. മെയ് മൂന്നിന് ശേഷം തുടര്‍കാര്യങ്ങള്‍ വേഗത്തിലാകും.

ലോക്ക് ഡൗണ്‍ നീട്ടിയതിനാല്‍...
അതേസമയം, ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ കുവൈത്തിന്റെ തീരുമാനത്തില്‍ നടപടികള്‍ വൈകുമോ എന്ന കാര്യം വ്യക്തമല്ല. കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം 45000 ഇന്ത്യക്കാര്‍ക്ക് ലഭിച്ചുവെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയും പേര്‍ക്ക് സൗജന്യ യാത്ര കുവൈത്ത് ഒരുക്കും.

രോഗം ബാധിച്ചവരില്‍ കൂടുതല്‍...
കൊറോണ രോഗം വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ് കുവൈത്ത്. ഈ സാഹചര്യത്തില്‍ വിദേശികളെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ പ്രത്യേക മുന്‍കരുതല്‍ എടുക്കുകയാണ്. കുവൈത്തില്‍ രോഗം ബാധിച്ച വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാരാണ് എന്നതും എടുത്തുപറയേണ്ടതാണ്.

എംബസി ശേഖരിക്കുന്നു
കൊറോണയെ തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെയാണ് പൊതുമാപ്പ് ലഭിച്ചവരുടെ തിരിച്ചുവരവ് കുവൈത്ത് അധികൃതരുമായി എംബസി ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

പിഴ കൂടാതെ
അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് കുവൈത്ത് ഏപ്രില്‍ 30 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പിഴ കൂടാതെ കുവൈത്തില്‍ നിന്ന് തിരിച്ചുപോരാനുള്ള അവസരമാണിത്. അതേസമയം, ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്തികളെ കഴിഞ്ഞാഴ്ച കുവൈത്തിലേക്ക് തിരിച്ചയച്ചു. ഇക്കാര്യത്തില്‍ അംബാസഡര്‍ നന്ദി അറിയിച്ചു.

ഒരു ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ കുവൈത്തിനെ സഹായിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. മെഡിക്കല്‍ സംഘത്തെ അയച്ചാണ് ഇന്ത്യ സഹായിച്ചത്. മാത്രമല്ല, ഒരു ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യ കുവൈത്തിന് കൈമാറി. ഇക്കാര്യത്തിലുള്ള നന്ദിയും കുവൈത്ത് അംബാസഡര്‍ രേഖപ്പെടുത്തി.

10 ലക്ഷത്തോളം ഇന്ത്യക്കാര്‍
കുവൈത്തില്‍ ഏറ്റവും കൂടുതലുള്ള വിദേശികള്‍ ഇന്ത്യക്കാരാണ്. 10 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തിലുണ്ടെന്നാണ് കരുതുന്നത്. 480 കോടി ഡോളര്‍ പ്രതിവര്‍ഷം കുവൈത്തിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്നുവെന്നാണ് കണക്കാക്കുന്നത്. കുവൈത്തുമായി ഏറ്റവും അധികം വ്യാപാര ബന്ധമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

മെഡിക്കല്‍ സഹായം അഭ്യര്‍ഥിച്ചു
അതേസമയം, കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ സഹായം തേടിയ ഗള്‍ഫ് രാജ്യങ്ങളോട് കേന്ദ്രം സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചു. കുവൈത്തിലേക്കും യുഎഇയിലേക്കും ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. നേരത്തെ കുവൈത്തിലേക്ക് അയച്ച സൈനിക ഡോക്ടര്‍മാരുടെ സംഘം ദില്ലിയില്‍ തിരിച്ചെത്തിയിരുന്നു.

കുവൈത്തിന് ആദ്യ പരിഗണന
വീണ്ടും സഹായം തേടിയ കുവൈത്തിന് തന്നെ ആദ്യ പരിഗണന നല്‍കുമെന്നാണ് വിവരം. യുഎഇയിലേക്കും സംഘത്തെ അക്കും. ഡോക്ടര്‍മാര്‍, പാരാമെഡിക്സ് എന്നിവരുടെ സംഘത്തെയാണ് ഇന്ത്യ രണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കും അയക്കുക. കൂടാതെ മൗറീഷ്യസ്, കോമറോസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ മെഡിക്കല്‍ സഹായം തേടിയിട്ടുണ്ട്.

വിരമിച്ച സൈനികരെ
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് അദ്ദേഹം ഇന്ത്യയുടെ മെഡിക്കല്‍ സഹായം അഭ്യര്‍ഥിച്ചത്. വിരമിച്ച സൈനിക ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ യുഎഇയിലേക്കും കുവൈത്തിലേക്കും അയക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സൂചന.
വന്‍ നേട്ടവുമായി യുഎഇ; കൊറോണ ചികില്‍സയില്‍ പുത്തന്‍രീതി, അഭിനന്ദനവുമായി ഭരണാധികാരികള്‍
വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്കി ഒമാന്‍