കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍വി ഫൗണ്ടേഷന്‍ നിലവില്‍ വന്നു; അന്തര്‍ദേശീയ പുരസ്‌കാരദാനം ദുബായില്‍

Google Oneindia Malayalam News

ദുബായ്: മലയാള കവിതയെ കാല്പനികതയുടേയും ഭാവ വിശുദ്ധിയുടേയും ഇതിഹാസമാക്കി മാറ്റിയ മലയാളികളുടെ പ്രിയ കവിയും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി. കുറുപ്പിന്റെ കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളം ആസ്ഥാനമായി ഒ.എന്‍.വി. ഫൗണ്ടേഷന് രൂപം നല്‍കി.

ദുബായില്‍ നടന്ന ചടങ്ങില്‍ ഒ.എന്‍.വി കുറുപ്പിന്റെ മകന്‍ശ്രീരാജീവ് ഒ.എന്‍.വി സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതിനോടൊപ്പം ഒ.എന്‍.വി ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം ശ്രീരാജീവ് ഒ.എന്‍.വി യും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടിവ് ശ്രീമോഹന്‍കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു.

onv

കവിയും ഗാനരചയിതാവും അദ്ധ്യാപകനും എഴുത്തുകാരനും എന്ന നിലയില്‍ ഒ.എന്‍.വി കുറുപ്പ് നല്‍കിയ സംഭാവനകളെ പരിരക്ഷിക്കുക, ഒ.എന്‍.വി എഴുതിയതും അദ്ദേഹത്തെ കുറിച്ച് തയ്യാറാക്കിയതുമായ രചനകള്‍ ശേഖരിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കുക, ഒ.എന്‍.വി രചനകളെ വിദേശ ഭാഷകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഒ.എന്‍.വി.കുറുപ്പിന്റെ സര്‍ഗ വിചാരങ്ങളെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുക എന്നിവ ഒ.എന്‍.വി ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ചിലതു മാത്രം.

ഒ.എന്‍.വി.ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും അന്തര്‍ദേശീയ പുരസ്‌കാരം ഉള്‍പ്പടെ രണ്ട് പുരസ്‌കാരങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒ.എന്‍.വി. കവിതകളുടെ ആലാപന മത്സരവും സംഘടിപ്പിക്കുമെന്ന് ഒ.എന്‍.വി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച കവിയ്ക്കുള്ള ഒ.എന്‍.വി.അന്തര്‍ദേശീയ പുരസ്‌കാരം, മലയാളത്തില്‍ നിന്നുള്ള മികച്ച യുവ കവിയ്ക്കുള്ള പുരസ്‌കാരം എന്നിവയാണ് നല്‍കുക. 25 വയസ്സില്‍ താഴെയുളളവരെയാണ് യുവകവി പുരസ്‌ക്കാരത്തിനായി പരിഗണിക്കുക. യു. എ. ഇ യിലെ ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഒ.എന്‍.വി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുക. ഒ.എന്‍.വി.കുറുപ്പിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് 2017 ഫെബ്രുവരി 17 ന് ദുബായിലാണ് ഒ.എന്‍.വി.ഫൗണ്ടേഷന്റെ ആദ്യ പുരസ്‌കാരദാന സമ്മേളനം നടക്കുക. എന്‍.എസ് ജ്യോതികുമാര്‍ ചെയര്‍മാന്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ വൈസ് ചെയര്‍മാന്‍, മോഹന്‍ ശ്രീധരന്‍ മെമ്പര്‍സെക്രട്ടറി, റോബര്‍ട്ട് ബഞ്ചമിന്‍ജോയിന്റ് സെക്രട്ടറി,ആന്റണി ജോസഫ് ട്രഷറര്‍ എന്നിവരുള്‍പ്പടെ പതിനെട്ട് അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും രൂപീകരിച്ചു. സുഗതകുമാരിടീച്ചര്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, പ്രൊഫ. വി.മധുസൂദനന്‍ നായര്‍, ഡോ.കെ.ജയകുമാര്‍ഐ.എ.എസ്, രാജീവ് ഒ.എന്‍.വി. കബീര്‍ ജലാലുദ്ദീന്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.രാജീവ് ഒ.എന്‍.വി, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, മോഹന്‍ ശ്രീധരന്‍, ആന്റണി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഒ.എന്‍.വി ഫൗണ്ടേഷന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ 055 5686600

English summary
ONV Foundation formed at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X