കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് മങ്ങാട് എന്‍എംസി ഹെല്‍ത്തിന്റെ പുതിയ സിഇഒ

Google Oneindia Malayalam News

അബുദാബി: ഗള്‍ഫ് മേഖലയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു വളരുന്ന എന്‍.എം.സി ഹെല്‍ത്ത് പി.എല്‍.സി.യുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രശാന്ത് മങ്ങാടിനെ നിയമിച്ചു. നിലവില്‍ ഡെപ്യൂട്ടി സി.ഇ.ഒ.യുടെയും എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും ചുമതല വഹിച്ചു വരുന്ന പ്രശാന്തിന്റെ നിയമനം മാര്‍ച്ച് 8 മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി എന്‍.എം.സി.യില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശാന്ത് മങ്ങാട്, എന്‍.എം.സി.ഹെല്‍ത്ത് കെയര്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രീമിയം കാറ്റഗറിയില്‍ പ്രവേശിക്കുന്നതിനും നവീനമായ ബിസിനസ് നയങ്ങളിലൂടെ ചെറിയ കാലയളവു കൊണ്ട് കമ്പനിയെ അജയ്യസ്ഥാനത്ത് എത്തിക്കുന്നതിലും വഹിച്ച നിസ്തുലമായ പങ്ക് പരിഗണിച്ച് സ്ഥാപകന്‍ ഡോ. ബി.ആര്‍.ഷെട്ടിയാണ് സി.ഇ.ഒ. സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്.

സ്ഥാനമൊഴിയുന്ന സി.ഇ.ഒ ഡോ.ബി.ആര്‍.ഷെട്ടി, ചെയര്‍മാന്‍ എച്ച്.ജെ. മാര്‍ക്ക് ടോംപ്കിന്‍സിനൊപ്പം ജോയിന്റ് നോണ്‍.എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. 1975 ല്‍ അബുദാബിയില്‍ ചെറിയൊരു ക്ലിനിക്കും ഫാര്‍മസിയുമായി ഡോ. ബി.ആ.ര്‍.ഷെട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച എന്‍.എം.സി.ക്ക് ഇപ്പോള്‍ ഗള്‍ഫിലും യൂറോപ്പിലും ഉള്‍പ്പെടെ ആറ് രാജ്യങ്ങളിലായി, നിത്യേന 11,000 ല്‍ പരം രോഗികളെ പരിചരിക്കുന്ന മുപ്പത് ആശുപത്രികളും 1,200 ഓളം ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വലിയൊരു ശൃംഖലയുണ്ട്.

uae-map

ആരോഗ്യരക്ഷാ രംഗത്ത് ദശകങ്ങളിലൂടെ അതിപ്രശസ്തമായ എന്‍.എം.സി.യെന്ന വലിയ പ്രസ്ഥാനത്തിന്റെ സി.ഇ.ഒ.യെന്ന പദവി വലിയ സന്തോഷവും അതിലേറെ ചുമതലാബോധവും ഉളവാക്കുന്നുവെന്ന് പ്രശാന്ത് മങ്ങാട് പ്രതികരിച്ചു. തന്റെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയാനും കണിശമായി നിറവേറ്റാനും ഗുരുതുല്യം കൂടെനിന്ന ഡോ.ബി.ആര്‍.ഷെട്ടിയെന്ന ധിഷണാശാലിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും അദ്ധ്യാപനവുമാണ് എന്‍.എം.സി.ഹെല്‍ത്ത് കെയറിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനും വ്യാപിപ്പിക്കാനും തനിക്ക് കരുത്തായതെന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.

കാലാനുസൃതമായ മേന്മകളും സാങ്കേതിക സൗകര്യങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ഡോ.ബി.ആര്‍.ഷെട്ടി എന്‍.എം.സി.യിലൂടെ മുന്നോട്ടുവെച്ച മനുഷ്യത്വപരമായ ചികിത്സാ സംവിധാനങ്ങളുടെ വളര്‍ച്ചയും വ്യാപനവും തന്റെ പ്രധാന പരിഗണനയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്‍.എം.സി.ഹെല്‍ത്ത് എന്ന നാമത്തോടെ 2015 ല്‍ പുതിയ ആഗോളമുഖവും വിലാസവും നേടിയ എന്‍.എം.സി.ക്ക് ലഭിക്കാവുന്ന ഏറ്റവും അനുയോജ്യനായ, ഡോ.ഷെട്ടിയുടെ പിന്‍ഗാമിയാണ് പ്രശാന്ത് മങ്ങാടെന്ന് ഇപ്പോഴത്തെ ഇന്‍ഡിപെന്‍ഡന്റ് നോണ്‍.എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എച്ച്.ജെ. മാര്‍ക്ക് ടോംപ്കിന്‍സ് പറഞ്ഞു.

അതുപോലെ സുദീര്‍ഘമായ സേവനപരിചയവും പ്രാഗത്ഭ്യവുമുള്ള ഡോ.ബി.ആര്‍.ഷെട്ടി ജോയിന്റ് നോണ്‍.എക്‌സിക്യൂട്ടീവ് ചെയര്‍മാനായി വരുന്നതിനെ ബോര്‍ഡ് അംഗങ്ങള്‍ മുക്തകണ്ഠം സ്വാഗതം ചെയ്യുകയാണെന്നും ഈ മാറ്റങ്ങള്‍ ബിസിനസിന് പുതിയ ഊര്‍ജ്ജം പകരാനും ഓഹരി ഉടമകള്‍ക്ക് വലിയ നേട്ടങ്ങള്‍ ഉറപ്പു വരുത്താനും സഹായകമാണെന്നും മാര്‍ക്ക് ടോംപ്കിന്‍സ് കൂട്ടിച്ചേര്‍ത്തു.

English summary
Prasanth Mangad Elected as new CEO of NMC Health Care
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X